25,000 രൂപയും 15,000 രൂപയും വിലവരുന്ന ആടുകളെ മോഷ്ടിച്ച്‌ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍.

കാസര്‍ഗോഡ്: അമ്പലത്തറയില്‍ ആടുകളെ മോഷ്ടിച്ച്‌ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. ചാളക്കടവ് സ്വദേശി ഹനീഫ, കണിച്ചിറ സ്വദേശി സബീര്‍ എന്നിവരാണ് പിടിയിലായത്. കോട്ടപ്പാറ സ്വദേശിയായ ജാനകിയുടെയും ഇരിയ സ്വദേശി രാമചന്ദ്രന്റെയും ആടുകളെയാണ് മോഷ്ടിച്ചത്. ജാനകിയുടെ ആടിന് 15,000 രൂപയും രാമചന്ദ്രന്റെ ആടിന് 25,000 രൂപയും വില വരുന്നതാണ്. മേയാൻ വിട്ട ആടുകളെ കാണാനില്ലെന്ന പരാതിയുമായി ജാനകിയും രാമചന്ദ്രനും അമ്പലത്തറ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആടുകളെ കാണാതായ സമയത്ത് അതേ രണ്ടുസ്ഥലങ്ങളിലൂടെ ഒരേ വാഹനം കടന്നുപോയതായി പൊലീസ് കണ്ടെത്തി. വാഹനത്തില്‍ നിന്ന് ആടിന്റെ കരച്ചില്‍ കേട്ടതായി നാട്ടുകാരും മൊഴി നല്‍കി. ഇതോടെ പോലീസ് മോഷണം ഉറപ്പിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കാഞ്ഞങ്ങാട്ടെ ഇറച്ചിക്കടയിൽ ആടുകളെ വിറ്റതായി സ്ഥിരീകരിച്ചു.

മീന്‍വില്‍പ്പനക്കാരായ ഹനീഫയും സബീറുമാണ് ആടിനെ വിറ്റതെന്നും പോലീസ് കണ്ടെത്തി. ഒരാടിനെ ഇറച്ചിക്കടയില്‍ നിന്ന് ജീവനോടെ കണ്ടെത്തി. ഒന്നിനെ കശാപ്പ് ചെയ്തിരുന്നു.

ശേഷിച്ച ആടിനേയും പ്രതികളേയും പൊലീസ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ജീവനോടെ ലഭിച്ച ആടിനെ ഉടമ ജാനകിക്ക് വിട്ടുനല്‍കാനും ഉത്തരവിട്ടു. കൂടുതല്‍ ആടുകളെ പ്രതികള്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →