കൊച്ചി: പളളിത്തര്‍ക്കത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും യാക്കോബായ സഭ. യോജിപ്പ് ഒരു അടഞ്ഞ അദ്ധ്യായമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പളളികള്‍ക്കുമുമ്പില്‍ ഞായറാഴ്ച മുതല്‍ റിലേ സത്യാഗ്രഹം നടത്തും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സമരങ്ങള്‍ പുനരാരംഭിക്കുമെന്നും സഭ അറിയിച്ചു.
പളളിത്തര്‍ക്കം സംബന്ധിച്ച് സമവായ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചിരുന്നു. ഇതിന്റെ കാരണം യാക്കോബായ വിഭാഗത്തിന്‍റെ നിലപാടുകളാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. സമവായ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് തങ്ങളുമായുളള ബന്ധം വേര്‍പെടുത്തുന്നതായി യാക്കോബായ സഭ അറിയിച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുളള ശ്രമമാണ് സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും നടത്തുന്നതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയത് നിര്‍ഭാഗ്യകരമാണെന്ന് യാക്കോബായ വിഭാഗം പ്രതികരിച്ചിരുന്നു. നേരത്തെ നടത്തിയ ചര്‍ച്ചകളുടെ സംക്ഷിപ്തമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തളളിപ്പറയുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം ചെയ്തിരിക്കുന്നതെന്നും യാക്കോബായ വിഭാഗം പറഞ്ഞു. കോതമംഗലം ചെറിയ പളളിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അസത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പിന്മാറ്റം.

