കൊവിഡ് സാമ്പത്തിക പ്രത്യാഘാതം: 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തില്‍ 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് റിപോര്‍ട്ട്. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കുറഞ്ഞതാണ് ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടാന്‍ കാരണം. സെപ്തംബറില്‍ 28,000ല്‍ തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്, എന്നാല്‍ ഇപ്പോള്‍ പിരിച്ചുവിടുന്നവരുടെ എണ്ണം കമ്പനി ഉയര്‍ത്തിയിരിക്കുകയാണ്.

ലോക്ക്ഡൗണില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. നോര്‍ത്ത് അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ പാര്‍ക്കുകള്‍ മാര്‍ച്ച്, മേയ് മാസത്തോടെ പൂര്‍ണമായും അടച്ചിരുന്നു. നിലവില്‍ ഷാങ്ഹായ്, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. കൊവിഡ് കേസുകളുടെ രണ്ടാം തരംഗം റിപോര്‍ട്ട് ചെയ്തതോടെ ഫ്രാന്‍സ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മാസം അവസാനം ഡിസ്‌നിലാന്‍ഡ് പാരീസ് വീണ്ടും അടയ്ക്കേണ്ടി വന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മീഡിയ എന്റര്‍ടെന്റ്മെന്റ് കോര്‍പ്പറേഷനാണ് വാള്‍ട്ട് ഡിസ്നി കമ്പനി. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നായി മാറികഴിഞ്ഞു. പതിനൊന്ന് അമ്യൂസ്മെന്റ് പാര്‍ക്കുകളും പല ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളും ഡിസ്നിയ്ക്ക് കീഴിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →