വന്യ മൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ല

കൊട്ടിയൂര്‍: വന്യമൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ലെന്ന ബോര്‍ഡുമായി അമ്പായത്തോട്‌ നിവാസികള്‍. പ്രതികരണ വേദിയുടെ പേരിലുയര്‍ന്ന ബാനറാണിത്‌. കാട്ടാന, കാട്ടുപന്നി, കുരങ്ങ്‌ തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലെന്യെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി.

കൊട്ടിയൂര്‍, കേളകം, കാണിച്ചാര്‍, പേരാവൂര്‍, ആറളം, മുഴക്കുന്ന്‌ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കാട്ടാന ശല്ല്യം രൂക്ഷമാണ്‌. വിവരമറിഞ്ഞെത്തുന്ന വനം വകുപ്പുദ്യോഗസ്ഥര്‍ കാട്ടാനകളെ വനത്തിലേക്ക്‌ തുരത്തിയാലും തൊട്ടടുത്ത ദിവസം ഇവ വീണ്ടം ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതയ്ക്കും. ആനമതില്‍ ഉള്‍പ്പെടെയുളള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെങ്കിലും നിലവില്‍ നടപ്പിലായിട്ടില്ല. ആറുവര്‍ഷത്തിനിടെ എട്ടുപേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായിട്ടുളളത്‌. പരിക്കുപറ്റിയവര്‍ നിരവധി.

കഴിഞ്ഞ മാര്‍ച്ചുമാസത്തിലാണ്‌ കൊട്ടിയൂര്‍ പന്ന്യാമല കര്‍ഷകനായിരുന്ന മേല്‍പ്പനാംതോട്ടത്തില്‍ ആഗസ്‌തി കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞത്‌. പന്ന്യാമലയിലെതന്നെ വേലിക്കകത്ത്‌ മാത്യു ഇപ്പോഴും ചികിത്സയിലാണ്‌. അഞ്ച്‌ ശസ്‌ത്രക്രിയകള്‍ കഴിഞ്ഞ അദ്ദേഹത്തിന്‌ ഇതുവരെ ചികിത്സക്കായി 10 ലക്ഷത്തിലധികം രൂപ ചെലവായി. കര്‍ഷകരുടെ മുറവിളിക്ക്‌ വഷങ്ങളുടെ പഴക്കമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കര്‍ഷകര്‍ തങ്ങളുടെ ആശയ പ്രചരണത്തിന്‌ പുതിയ മാര്‍ഗ്ഗം തേടിയത്‌.

അധികൃതര്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പാലിക്കാത്തതിലാണ്‌ കര്‍ഷകരുടെ പ്രതിഷേധം. കണ്ണൂര്‍ ജില്ലയില്‍ ആനപ്രതിരോധ മതില്‍ പണിയുകയാണെങ്കില്‍ ആദ്യ പരിഗണന കൊട്ടിയൂരിനായിരിക്കുമെന്ന ഉറപ്പ്‌ പാലിക്കപ്പെട്ടിട്ടില്ല. രണ്ടാമതൊരു വൈദ്യുതി വേലി കൂടി സ്ഥാപിക്കുമെന്ന‌ വാഗ്‌ദാനവും പാലിച്ചില്ല. റാപ്പിഡ്‌ റെസ്‌പ്പോണ്‍സ്‌ ടീമിന്റെ ഒരു യൂണിറ്റ്‌ എപ്പോഴും കണ്ടപ്പുറം ഫോറസ്‌റ്റ്‌ ഓഫീസ്‌ കേന്ദ്രീകരിക്കുമെന്ന വാക്കും പാഴായി. ആയതിനാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ഉറപ്പാക്കണമെന്ന്‌ പ്രതികരണ വേദി നേതാവായ സുനില്‍ മലങ്കോട്ടക്കലാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →