ജയ്പുര്‍: ഡെങ്കി, മലേറിയ, കോവിഡ് 19 എന്നിവയ്ക്കൊപ്പം മൂര്‍ഖന്റെ കടിയും അതിജീവിച്ച് സന്നദ്ധപ്രവര്ത്തകന്. രാജസ്ഥാനില്‍ ചാരിറ്റി പ്രവര്ത്തനങ്ങള്ക്കായെത്തിയ ബ്രിട്ടീഷുകാരനായ ഇയാന്‍ ജോണ്‍സിനാണ് അടുപ്പിച്ചടുപ്പിച്ച് ഇത്രയും ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത്. ജോധ്പുരിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കവേയാണ് ഇയാളെ മൂര്‍ഖന്‍ കടിച്ചത്.
പാമ്പു കടിയേറ്റാണ് ഇയാന്‍ മെഡിപള്‍സ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. ഇവിടെയെത്തിയപ്പോള്‍ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പാമ്പു കടിയുടെ ലക്ഷണങ്ങളായ കാഴ്ച മങ്ങല്‍, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ ക്ഷണികമായ ലക്ഷണങ്ങള്‍ മാത്രമാണ്. ചികിത്സയ്ക്കു ശേഷം ഈ ആഴ്ച തന്നെ അദ്ദേഹം ഡിസ്ചാര്‍ജ് ആയി മടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.തന്റെ അച്ഛന് ഒരു പോരാളിയാണെന്നാണ് ഇയാന്‍ ജോണ്‍സിന്റെ മകനായ സെബ് പറയുന്നത്. ഇന്ത്യയിലെ താമസത്തിനിടെ മലേറിയ, ഡെങ്കി, കോവിഡ് 19 എന്നിവയൊക്കെ അദ്ദേഹം അതിജീവിച്ചു എന്നാണ് മകന് പറയുന്നത്. ഇയാന്റെ മെഡിക്കല്‍ ചിലവുകള്‍ക്കും അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് മടക്കി കൊണ്ടു പോകാനുമുള്ള തുക സമാഹരിക്കുന്നതിനായി ഒരു ഫണ്ട് റൈസര്‍ പേജും സെബ് ആരംഭിച്ചിട്ടുണ്ട്.രാജസ്ഥാനിലെ പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാന്‍ ജോണ്‍സിന്റെ പ്രവര്‍ത്തനം.

