തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റികിന് വിലക്ക്

കാസർകോഡ്: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.  പ്ലാസ്റ്റിക്, പി.വി.സി ഉള്‍പ്പടെയുള്ളവ കൊണ്ട് നിര്‍മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, ഫ്ളക്സ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലീന്‍, തുടങ്ങിയ വസ്തുക്കളും പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തുക്കളും മാത്രമാണ് ഉപയോഗിക്കാനാവുക.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലും ഫ്ളക്സ് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുത്തിരുന്നു. പോളിങ് സ്റ്റേഷനുകളിലും വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ പഴയതും ഉപയോഗശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കള്‍ പ്രത്യേകം നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകള്‍ വീതം ലഭ്യമാക്കുന്നതിന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്, ഗ്ലൗസ്, എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി യഥാക്രമം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലെ രണ്ട് ക്യാരി ബാഗുകള്‍ കൂടി  സെക്രട്ടറിമാര്‍ ലഭ്യമാക്കുകയും ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍  അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട് ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച ദിവസത്തിന്നുള്ളില്‍ ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി  പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുന:ചംക്രമണം നടത്തുന്നതിന് ഏജന്‍സികള്‍ക്ക് കൈമാറുന്നതിനോ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഈടാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →