ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭയിൽ ജനവിധി തേടുന്ന അദ്ധ്യാപക ദമ്പതികളാണ് ജയനും കവിതയും . മൂന്നാം വാർഡ് ഹെൽത്ത് സെന്ററിലാണ് പൂളക്കത്തൊടി വീട്ടിൽ പി.ജയൻ മത്സരിക്കുന്നതെങ്കിൽ 33-ാം വാർഡ് നാലാലുംകുന്നിലാണ് ഭാര്യ എൻ കവിത മത്സരിക്കുന്നത് .
തൂത വടക്കുംമുറി എൽ പി സ്ക്കൂൾ അദ്ധ്യാപകനായ ജയൻ ബി.ജെ.പി ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡൻ്റും കഴിഞ്ഞതവണ കൗൺസിലറുമായിരുന്നു . ഭാര്യ കവിത കാറൽമണ്ണ എൻ.എൻ.എൻ.എം യു.പി സ്‌കൂളിലെ അദ്ധ്യാപികയാണ്.
കഴിഞ്ഞ തവണയും ബി.ജെ.പി സ്ഥാനാർത്ഥികളായിരുന്നു ഈ ദമ്പതികൾ. ജയൻ 33-ാം വാർഡിൽ വിജയിച്ചപ്പോൾ 27-ാം വാർഡ് മൽമൽക്കുന്നിൽ മത്സരിച്ച എൻ.കവിത പരാജയപ്പെടുകയായിരുന്നു . ഭർത്താവ് പി.ജയന് കഴിഞ്ഞ തവണ 33-ാം വാർഡിൽ കിട്ടിയ പിന്തുണ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കവിത ഇത്തവണ മത്സര രംഗത്തുള്ളത്. വാർഡിൽ സുപരിചിതരായ ഇരുവർക്കും കുടുംബത്തിൽ നിന്നും കിട്ടുന്ന പിന്തുണ കൂടിയാണ് ഈ സ്ഥാനാർത്ഥിത്വത്തിലേക്കുള്ള വഴി തുറന്നത്.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്രി, ഒരു വയസുള്ള തൃഹാര എന്നിവരാണ് മക്കൾ. പ്രചരണ തിരക്കിനിടയിൽ മക്കളുടെ കാര്യങ്ങളെല്ലാം വീട്ടുകാരാണ് നോക്കുന്നത്. വിജയിക്കാൻ കഴിഞ്ഞാൽ ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിലിലെത്തുന്ന ആദ്യ ദമ്പതികളാകും പി.ജയനും എൻ.കവിതയും.

