റിയോ ഡി ജനീറോ : ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെ തറപറ്റിച്ചത്.
എതിരാളികളുടെ തട്ടകത്തില്‍ ആര്‍തറും റിച്ചാര്‍ലിസണുമാണ് ബ്രസീലിനായി വലചലിപ്പിച്ചത്. ഇരു ടീമുകളിലും രണ്ട് സൂപ്പര്‍താരങ്ങളുടെ അഭാവമുണ്ടായിരുന്നു. പരിക്കേറ്റ സൂപ്പര്‍താരം നെയ്മറില്ലാതെ ബ്രസീലും കോവിഡ് ബാധിതനായ ലൂയി സുവാരസില്ലാതെ യുറുഗ്വായ്യും കളത്തിലിറങ്ങി.
ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ആതിഥേയര്‍ക്ക് നിരാശയായി. രണ്ടാം പകുതിയില്‍ ഗോളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും എതിരാളികളെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ബ്രസീലിനായി.
തെക്കനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ബ്രസീല്‍ എത്തിയത്. നെയ്‌മറിനൊപ്പം ഫിലിപെ കൗടീന്യോ, ഫാബീഞ്ഞോ, എഡര്‍ മിലിറ്റാവോ, കാസിമിറോ എന്നീ താരങ്ങളും ബ്രസീല്‍ നിരയിലുണ്ടായിരുന്നില്ല.

