ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 1.48 ശതമാനമായി ഉയര്‍ന്നു. 2020 ഫെബ്രുവരി മുതല്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2.26 ശതമാനത്തിലാണ് മൊത്ത വില സൂചിക എത്തി നില്‍ക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഭക്ഷ്യവിലക്കയറ്റം ഒക്ടോബറില്‍ 6.37 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇത് 8.17 ശതമാനമായിരുന്നു. നിര്‍മാണ വസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 1.61 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 2.12 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂജ്യമായിരുന്ന മൊത്ത വിലസൂചിക ഈ മാസം 1.48 ശതമാനത്തിലേക്കാണ് കുതിച്ചത്. ഉപഭോക്തൃ വില സൂചിക പ്രകാരം രാജ്യത്തെ വിലക്കയറ്റം 7.61 ശതമാനമാണെന്നു സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. നിലവില്‍ ഭക്ഷ്യേതര വസ്തുക്കളുടെയും ധാതുക്കളുടെയും പണപ്പെരുപ്പം യഥാക്രമം 2.85 ശതമാനവും 9.11 ശതമാനവുമാണ്.

