ലണ്ടന്‍: പത്ത് വര്‍ഷത്തിനകം പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടണ്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2040 ഓടെ എല്ലാ വാഹനങ്ങളും ഫുള്ളി ഇലക്ട്രിക് ആകണമെന്നും ഗവണ്മെന്റ് നിര്‍ദ്ദേശിക്കും. 2030ഓടെ പെട്രോള്‍ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്നും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വരും ദിവസങ്ങളില്‍ നടത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ബ്രിട്ടന്റെ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നത്.
ബ്രിട്ടന്റെ പദ്ധതിയനുസരിച്ച് 2030 മുതല്‍ പുതിയ ഹൈബ്രിഡ് വാഹനങ്ങള്‍ പോലും വില്ക്കാന് പാടില്ലെന്ന് ‘ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ എന്ജിന്-ഇലക്ട്രിക് മോട്ടോര്‍, ഡീസല്‍ എന്ജിന്-ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് (സങ്കര ഇന്ധന) വാഹനങ്ങളെന്ന് അറിയപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ വിവിധ കാംപെയ്ന് ഗ്രൂപ്പുകള്‍ കോടതികളെ സമീപിച്ചിരുന്നു. കേസുകളില്‍ തോല്‍വി നേരിട്ടതോടെ സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദത്തിലാണ്.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 2040ഓടെ നിരോധനമേര്‍പ്പെടുത്താന്‍ ആയിരുന്നു മുമ്പത്തെ തീരുമാനം. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിക്കുകയായിരുന്നു.അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്സണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുക. ഇംഗ്ലണ്ട് ഓക്സ്ഫോര്‍ഡിലെ തങ്ങളുടെ പ്ലാന്റില്‍ 2019 മുതല്‍ ഇലക്ട്രിക് ‘മിനി’ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ആരംഭിച്ചിട്ടുണ്ട്. 2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ കാര്‍ മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയിരിക്കുമെന്ന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

