കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിര്‍മ്മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ വടകര ഓര്‍ക്കാട്ടേരി ടൗണിലെ കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടഞ്ഞുവെന്ന് കാണിച്ച യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ജാഫര്‍ എടച്ചേരി പോലീസില്‍ പരാതി നല്‍കി.
വടകര -കുറ്റ്യാടി സംസ്ഥന പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരികള്‍ റോഡിനിരുവശത്തുനിന്നും ഒന്നേമുക്കാല്‍ മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. പഞ്ചായത്ത് നിയമ മനുസരിച്ച റോഡ് വീതികൂട്ടാനായി കെട്ടിടം പൊളിച്ചുമാറ്റിയാല്‍ ബാക്കിഭാഗം പുനര്‍ നിര്‍മ്മിക്കാനോ അറ്റകുറ്റ പണികള്‍ നടത്താനോ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ട്. ഇതനുസരിച്ച് ടൗണിലെ വ്യാപാരികള്‍ എല്ലാം കെട്ടിട നിര്‍മ്മാണം തുടങ്ങിയെങ്കിലും ജാഫറിന്റെ കെട്ടിട നിര്‍മ്മാണത്തിന് മാത്രമായി സിപിഎം തടസം നില്‍ക്കുന്നുവെന്നാണ് പരാതി.
നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തുപോലും ആവശ്യപ്പെട്ടിട്ടില്ലെന്നിരിക്കെ സിപിഎം വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ലോക്കല്‍ സെക്രട്ടറിയടക്കമുളള സിപിഎം നേതാക്കളുടെ മറുപടി. കെട്ടിടം പണി തടസപ്പെടുത്തരുതെന്ന് കോടതിയുത്തരവുള്ള സാഹചര്യത്തില്‍ അത് ലംഘിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എടച്ചേരി പോലീസ് വ്യക്തമാക്കി. ടിപി ചന്ദ്രശേഖരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജാഫര്‍ പല നിര്‍ണ്ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ അവസാനമായി കണ്ടതും ജാഫറിനെയായിരുന്നു.

