കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി.
ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ, എം.സി ഖമറുദീനെതിരെ നടപടി വേണ്ടെന്ന നിലപാട് വീണ്ടും ആവർത്തിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് പ്രശ്നം ചർച്ച ചെയ്തത്.
നേതാക്കൾക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ലീഗ് തീരുമാനമെന്നും യോഗത്തിന് ശേഷം നേതൃത്വം അറിയിച്ചു. ലീഗ് കേസ് കണ്ടാൽ ഭയക്കുന്ന പാർട്ടിയല്ല .സത്യം പൊതുജനത്തിനറിയാമെന്നും നേതാക്കൾ വിശദീകരിച്ചു.
സർക്കാരിനും മന്ത്രിമാർക്കും എതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്. ലീഗ് എം.എൽ.എമാർക്ക് എതിരെയുള്ള കേസുകൾ തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട് എന്നും നേതൃത്വം വിമർശിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം ചർച്ച ചെയ്തു.
മന്ത്രി കെ ടി ജലീലിന്റെ തനിക്കെതിരായ ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുന്നല്ലെന്ന് കെ.എം ഷാജി പറഞ്ഞു.

