വായു മലിനീകരണം മൂലം ഇന്ത്യയിൽ 2.55 ലക്ഷം ആളുകൾ അകാലത്തിൽ മരണമടയുന്നതായി പഠനം

ന്യൂഡൽഹി: പഞ്ചാബ് മുതൽ പശ്ചിമ ബംഗാൾ വരെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വായു മലിനീകരണം സംബന്ധിച്ച വ്യത്യസ്തമായ ഒരു പഠനം പുറത്തു വന്നു. ഗംഗാ സമതലത്തിലെ ഗ്രാമ-നഗര പ്രദേശങ്ങളിൽ വായു മലിനീകരണ തോത് സമാനമാണെന്നാണ് പഠനം പറയുന്നത്. വായു മലിനീകരണം മൂലം ഇന്ത്യയിൽ 2.55 ലക്ഷം ആളുകൾ അകാലത്തിൽ മരണമടയുന്നതായും പഠനം വ്യക്തമാക്കുന്നു.

അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇന്ത്യൻ ‘ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, എന്നിവയിൽ നിന്നുള്ള നാല് ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്.

പഞ്ചാബ് മുതൽ പശ്ചിമ ബംഗാൾ വരെയുള്ള ഗംഗാ സമതലത്തിലാണ് ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണമെന്ന് പഠനം പറയുന്നു.. നവംബർ 2 ന് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ അന്താരാഷ്ട്ര മൾട്ടി-ഡിസിപ്ലിനറി ജേണൽ പ്രൊസീഡിംഗ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

“വ്യാവസായിക രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഗ്രാമീണ, നഗര പ്രദേശങ്ങളിലെ വായു മലിനീകരണ അളവിൽ വലിയ വ്യത്യാസമില്ല. ആഗോളതലത്തിൽ, വായു മലിനീകരണ ഗവേഷണം, കേന്ദ്രീകരിച്ചിരിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. വ്യാവസായിക രാജ്യങ്ങളിൽ, ജനസംഖ്യയുടെ വലിയൊരു വിഭാഗം നഗരങ്ങളിലായതുകൊണ്ടാണിത്. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്, ”ഗവേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ബോംബെ ഐഐടി യിലെ രസതന്ത്ര വിഭാഗം പ്രൊഫസർ ചന്ദ്ര വെങ്കടരാമൻ പറഞ്ഞു.

“നഗര-നഗരേതര പ്രദേശങ്ങൾ തമ്മിൽ ജനസാന്ദ്രതയിൽ വലിയ വ്യത്യാസമില്ലാത്തത് വികസ്വര രാജ്യങ്ങളുടെ സവിശേഷതയായിരിക്കാം,” രവിശങ്കര പറഞ്ഞു. ഗ്രാമീണ, നഗരവാസികൾക്ക് സമാനമായ ആരോഗ്യ അപകടസാധ്യതകൾ ഉള്ളതിനാൽ, ഇന്ത്യയിൽ ഏകദേശം 2.55 ലക്ഷം ആളുകൾ അകാലത്തിൽ മരണമടയുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, ശ്വാസകോശ അർബുദം, ടൈപ്പ് 2 പ്രമേഹം എന്നിവ മൂലമാണ് അകാലത്തിൽ ആളുകൾ മരണമടയുന്നത്. ഇതിൽ 69% മരണങ്ങളും ഗ്രാമപ്രദേശങ്ങളിലും ബാക്കി നഗരപ്രദേശങ്ങളിലുമാണ്. ഗ്രാമീണ മേഖലയിൽ കൂടുതൽ ആളുകൾ താമസിക്കുന്നതിനാലാണിത്. ”വെങ്കടരാമൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →