ഹൈദരാബാദ് പൊരുതി വീണു , കരുത്തുകാട്ടി ഡൽഹി ക്യാപിറ്റൽസ് ഫെനലിലേക്ക്

ന്യൂഡൽഹി: ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സില്‍ അവസാനിച്ചു.

സണ്‍റൈസേഴ്‌സ് നിരയില്‍ വില്യംസണ്‍ അര്‍ധസെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. വാര്‍ണര്‍ക്കൊപ്പം പ്രിയം ഗാര്‍ഗാണ് സണ്‍റൈസേഴ്‌സിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ റബാദ തിരിച്ചയച്ചു. പിന്നീട് മനീഷ് പാണ്ഡെയും ഗാര്‍ഗും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം ഓവറില്‍ 17 റണ്‍സെടുത്ത് നില്‍ക്കെ ഗാര്‍ഗിനും മടങ്ങി. മനീഷ് പാണ്ഡെയും അതേ ഓവറില്‍ ഔട്ടായി.

ക്രീസില്‍ ഒന്നിച്ച ഹോള്‍ഡറും വില്യംസണും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. 46 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ സ്‌കോര്‍ 90ല്‍ നില്‍കെ ഹോള്‍ഡറെ പുറത്താക്കി. 35 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ വില്യംസണ്‍ 14-ാം ഐപിഎല്‍ അര്‍ധശതകം കുറിച്ചു. 67 റണ്‍സെടുത്തുനില്‍ക്കെ വില്യംസണും പുറത്തായതോടെ ഹൈദരാബാദ് പരാജയം ഉറപ്പിച്ചു. അവസാന മൂന്നോവറില്‍ 42 റണ്‍സ് വേണമെന്ന നിലയിലായി കളി. റാഷിദ്ഖാന്‍ തുടരെ ബൗണ്ടറി പായിച്ച്‌ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 19-ാം ഓവറില്‍ സമദിനെയും റാഷിദിനെയും മടക്കി റബാദ കളി തിരിച്ചുപിടിച്ചു. ഇതോടെ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് റബാദ ബുംറയില്‍ നിന്ന് തിരിച്ചുപിടിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്കുവേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിങാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ക്കസ് സ്‌റ്റോയിനിസിനെ ഓപണറാക്കി ഇറക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നടപ്പാക്കിയ തന്ത്രം ഫലം കണ്ടു. തുടക്കം മുതല്‍ സ്‌റ്റോയിനിസ് ധവാന്‍ സഖ്യം കത്തിക്കയറി. ഒപ്പം ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ കൈകള്‍ തുടര്‍ച്ചയായി ചോര്‍ന്നതും ഡല്‍ഹിക്ക് തുണയായി. സുഖമായി കൈയിലൊതുക്കാമായിരുന്ന മൂന്ന് ക്യാച്ചുകളാണ് ഹൈദരാബാദ് താരങ്ങള്‍ താഴെയിട്ടത്.

50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം ധവാന്‍ 78 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 42 റണ്‍സെടുത്ത് ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. സ്‌റ്റോയിനിസ് 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 21 റണ്‍സും എടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →