പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കുന്നു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയുമായി ജനപക്ഷം. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ കന്നിപ്പോരട്ടത്തിന് തയ്യാറായി. മുണ്ടക്കയത്ത് കെ.കെ രാജമ്മ, എരുമേലിയില്‍ അനീഷ് വാഴപ്പളളി എന്നിവര്‍ മത്സരിക്കും. ഭരണങ്ങാനത്തെ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്കാണ് മത്സരിക്കുന്നതെങ്കിലും ബിജെപിയടക്കം ഏതുമുന്നണിയുമായും സഹകരിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. ആപ്പിള്‍ ചിഹ്നമാണ് പാര്‍ട്ടിക്ക് ലഭിച്ചിട്ടുളളത്. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ അഡ്വ. ഷോണ്‍ ജോര്‍ജ് മീനച്ചില്‍ അര്‍ബ്ബന്‍ബാങ്ക് വൈസ് പ്രസിഡന്‍റാണ്. യുഡിഎഫ് ഭരണകാലത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഡയറക്ടറായിരുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള സീറ്റ് ചര്‍ച്ച ഇന്ന് നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്തിലെ സീറ്റ് തര്‍ക്കം പരിഹരിക്കാനാണ് ശ്രമം . 22 അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്(എം) കഴിഞ്ഞതവണ ജയിച്ച ആറ് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് ആദ്യ വട്ട ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇന്ന് വൈകിട്ട് പാര്‍ട്ടി ജില്ലാ കണ്‍വന്‍ഷനും നടക്കും.

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവുമായി ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ എംടി ജോസഫ് അറിയിച്ചു. സിപിഐ യുമായി നേരത്തേ ചര്‍ച്ച ചെയ്തിരുന്നു. രണ്ട് ദിവസത്തിനുളളില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകും.

പുതുതായെത്തിയ ജോസ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കുന്നതില്‍ സിപിഐ അസംതൃപ്തരാണ്. കൂടുതല്‍ സീറ്റ് ‌നല്‍കി ഇടത് മുണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി ജോസ് വിഭാഗം മാറുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭീതിയിലാണ് സിപിഐ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →