ബാലുശ്ശേരി: നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ . ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ (32) 6-11-2020 വെള്ളിയാഴ്ച രാത്രി പോലിസ് അറസ്റ്റ് ചെയ്തു. ഇയാൾ പോലിസിൻ്റ മുന്നിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് ഒന്നാം നിലയിലേക്ക് ചാടുകയായിരുന്നു.
റൂറല്‍ എസ്.പി അടക്കമുള്ളവര്‍ സംഭവ സ്ഥലത്തുമുണ്ടായിരുന്നു. എന്നാൽ
അപ്രതീക്ഷിത നീക്കം തടയാൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
4-11- 2020 ബുധനാഴ്ച രാത്രിയോടെയാണ് ഇയാൾ ഉണ്ണികുളം വള്ളിയോത്ത് ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പിണങ്ങിപ്പോകുകയും ഇവരെ അന്വേഷിച്ച് രാത്രി അച്ഛന്‍ പുറത്തു പോകുകയും ചെയ്തിരുന്നു. രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറു വയസ്സുകാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് പ്രതി സ്ഥലത്തെത്തുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോൾ കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വടകര റൂറല്‍ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി.ഐ ജീവന്‍ ജോർജ്ജ് , എസ്.ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പൃഥ്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.