വിവാഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കും: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും യെദ്യൂരപ്പ

ബംഗളൂരു: ലവ് ജിഹാദിനെതിരെ മറ്റ് സംസ്ഥാനങ്ങള്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും എന്നാല്‍ വിവാഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ താന്‍ ദൃഢ നിശ്ചയം ചെയ്തിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഞാന്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ അത് നിരോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് എന്നെ അലട്ടുന്നില്ല. പക്ഷേ, എന്റെ സംസ്ഥാനത്ത് എത്രയും വേഗം തീരുമാനമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലവ് ജിഹാദ് മൂലമുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ച് പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും ഞങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാന്‍ ഇത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് എനിക്കറിയില്ല – പക്ഷേ കര്‍ണാടകയില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നു. ഞങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും-യെദ്യൂരപ്പ പറഞ്ഞു. നേരത്തെ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും ഇത്തരത്തില്‍ സംസാരിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ്, വിവാഹത്തിനായി മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ബിജെപി നേതാവ് സി ടി രവി ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പൊതു ക്രമം, ധാര്‍മ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതത്തെ പ്രകീര്‍ത്തിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ ഈ നിലപാട് ശരിവച്ചിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →