ബംഗളൂരു: 37 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ കഴിയുന്ന കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) സ്റ്റാര്‍ട്ടപ്പ് സംരംഭം. ചൂട് കാലവസ്ഥയിലുള്ള നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്നതെന്ന് മൈന്‍വാക്‌സിന്‍ എന്ന സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്ന ബയോഫിസിസ്റ്റ് മേധാവി രാഘവന്‍ വരദരാജന്‍ പറഞ്ഞു.
നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമായികൊണ്ടിരിക്കുന്ന എല്ലാ വാക്‌സിനുകളും നാല് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ചൂട് കാലാവസ്ഥയിലും വയ്ക്കാന്‍ കഴിയുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരദരാജന്റെ ടീം എലികളിലും ഗിനിയ പന്നികളിലും വിപുലമായ പരീക്ഷണം നടത്തി വരികയാണ്. മൃഗ പരീക്ഷണങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിജയിച്ചാല്‍ അന്തിമ ഫോര്‍മുല മനുഷ്യ പരീക്ഷണത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.