അഞ്ച് കൊല്ലത്തിനിടെ ആറായിരം കോടി രൂപ വിദേശ സഹായമായി കിട്ടിയെന്ന് ആദായ നികുതി വകുപ്പ്. പണം ഉപയോഗിച്ച് റിയൽ എസ്‌റ്റേറ്റ് കച്ചവടം. കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചിന് പൂട്ടുവീണേക്കും

കൊച്ചി:അഞ്ച് കൊല്ലത്തിനിടെ ആറായിരം കോടി രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന് വിദേശ സഹായമായി കിട്ടിയെന്ന് ആദായ നികുതി വകുപ്പ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കിട്ടിയ ഈ സംഭാവന ഉപയോഗിച്ച്‌ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിയെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും സമാന കുറ്റത്തിന് ബിലിവേഴ്‌സ് ചര്‍ച്ചിന് നിയമ നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കണ്ടെത്തി.

5-11-2020 വ്യാഴാഴ്ച രാവിലെ ഏഴു മണി മുതൽ തിരുവല്ലയിലെ ബിലിവേഴ്സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കണക്കില്‍ പെടാത്ത അഞ്ച് കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. ബിലിവേഴ്സ് ചര്‍ച്ച്‌ സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് പരിശോധന നടത്തി. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട പരിശോധനയിൽ വിദേശത്തെ തിരിമറികൾക്ക് സമാനമായ രീതിയിൽ കേരളത്തിലും നടത്തിയിട്ടുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പാവങ്ങളെ സഹായിക്കാനായി അമേരിക്കയില്‍ നിന്നെത്തിച്ച കാശു ധൂര്‍ത്തടിച്ചതിന്റെ പേരിലാണ് നിയമ നടപടി നേരിടേണ്ടി വന്നത്.

2016ല്‍ 1,889 കോടി രൂപയാണ് ബിലീവേഴ്സ് ചര്‍ച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഫണ്ടെന്ന പേരില്‍ ഇന്ത്യയില്‍ സ്വീകരിച്ചത്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുയർന്നിരുന്നു. 2007നും 2013നും ഇടയിൽ അമേരിക്കയില്‍നിന്നു മാത്രം 2780 കോടി രൂപയാണ് പിരിവിലൂടെ സംഘടിപ്പിച്ചത്.

ഇന്ത്യയിൽ ദുരിതം അനുഭവിക്കുന്നവർക്ക് പിരിച്ച പണം സ്വന്തം കുടുംബാംഗങ്ങളുടെ പേരില്‍ ആസ്തി വര്‍ധിപ്പിച്ചു എന്ന് കെ.പി.യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും എതിരെയുള്ള പരാതി അമേരിക്കയില്‍ ചർച്ചയായിരുന്നു.

ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിൽ ലാസ്റ്റ് അവര്‍ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും അമേരിക്കയില്‍നിന്ന് പിരിച്ച വലിയ തുകയില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റിയെന്നാണ് കണ്ടെത്തൽ.

2012ല്‍ കെ പി യോഹന്നാനെതിരേ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച്‌ കെ.പി. യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലിവേഴ്സ് ചര്‍ച്ച്‌, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് സംശയിച്ചായിരുന്നു നടപടി.പിന്നീട് മംഗളം ടിവിയുടെ തിരുവനന്തപുരം ഓഫീസിലേക്കും അന്വേഷണം നീണ്ടു.

അമേരിക്കന്‍ ഡോക്ടര്‍ ദമ്പതികളായ മര്‍ഫി- ഗാര്‍ലാന്‍ഡ് എന്നിവര്‍ യോഹന്നാന് എതിരെ നല്‍കിയ വഞ്ചനാകുറ്റത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലെ നിലവിലെ അവസ്ഥയും പരിശോധിക്കും. കാനഡയിലും സമാന പരാതി ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചാണ് അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ബിലീവേഴ്‌സ് ചര്‍ച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഇടപെട്ട് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നൽകിയാണ് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നിന്നും തടിയൂരിയത്. ഈ കേസിന് എന്തു സംഭവിച്ചെന്നും വകുപ്പ് അന്വേഷിക്കും.

അമേരിക്കയിലെ നിയമം അനുസരിച്ച്‌ ഗോസ്പല്‍ ഫോര്‍ ഏഷ്യ കണക്കുകള്‍ കാണിക്കേണ്ടതുമില്ല. എന്നാല്‍ വിദേശ സന്നദ്ധ സംഘടനയെന്ന നിലയില്‍ ഇന്ത്യയില്‍ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം ഇന്ത്യയിലായതിനാൽ കണക്ക് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകേണ്ടി വരും.

2013-ല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജീസസ് വെൽ പദ്ധതി പ്രകാരം 2012-ല്‍ 227 കോടി രൂപയാണ് പിരിച്ചെടുത്തത്. എന്നാല്‍ ഇതിനായി ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ല്‍ പിരിവ് 350 കോടിയോളമായി. എന്നാല്‍ കിണര്‍ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപണം.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ല്‍ കേവലം 900/ രൂപ മുടക്കുമുതലില്‍ തിരുവല്ല സബ്രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാല്‍ രൂപീകൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നത്

ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. പാവപ്പെട്ടവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്തു പ്രവർത്തനമാരംഭിച്ച സംഘടനയാണ് കോടികളുടെ തട്ടിപ്പ് നടത്തിയതിൻ്റെ പേരിൽ നിയമകുരുക്കിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →