മണ്ണ് സംരക്ഷണ വകുപ്പില്‍ നടക്കുന്നത് സമീപകാലത്തില്ലാത്ത വികസനം

കോഴിക്കോട്: സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മണ്ണ്പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പില്‍ നടക്കുന്നതെന്ന് കൃഷി- മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മണ്ണ് സംരക്ഷണ വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏഴ് പദ്ധതികളുടെയും പ്രവര്‍ത്തനം ആരംഭിക്കുന്ന 34 മണ്ണ് ജല സംരക്ഷണ പദ്ധതികളുടേയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷി തിരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ നീര്‍ച്ചാലുകളും കുളങ്ങളും തോടുകളും നീര്‍ത്തടങ്ങളും തിരിച്ചു വരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.  

മണ്ണ്പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങള്‍ വഴി കാര്‍ഷിക രംഗത്താണ് ഏറ്റവും വലിയ മാറ്റമുണ്ടാകുന്നത്. 2016 ല്‍ സംസ്ഥാനത്ത് 6.8 ലക്ഷം ടണ്‍ ആയിരുന്നു പച്ചക്കറി ഉല്‍പ്പാദനം. 2020 ആയപ്പോള്‍ അത് 14.77 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. നെല്ലുല്‍പ്പാദനം 6.2 ലക്ഷമായിരുന്നു. അത് 8 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ എല്ലാ മേഖലയിലും ഉല്‍പ്പാദന വര്‍ധനവുണ്ടായി. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വം പ്രധാനപ്പെട്ടതാണ്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും മറ്റു ചില വകുപ്പുകളും കൂടിച്ചേര്‍ന്നാണ് ഇപ്പോള്‍ ‘സുഭിക്ഷ കേരളം’ പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ചാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. ഇത് സമഗ്ര വികസനത്തിലേക്കാണ് വഴി തെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ വടകര താലൂക്കിലെ മണിയൂര്‍ ഗ്രാപഞ്ചായത്തിലെ മുടപ്പിലാവിലെ ചിറ നവീകരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മുടപ്പിലാവിലെയും സമീപപ്രദേശത്തെയും കര്‍ഷകര്‍ ആശ്രയിക്കുന്ന ജലസ്രോതസ്സാണിത്. കാലപ്പഴക്കാത്താല്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മുടപ്പിലാവില്‍ ചിറ നവീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 1.02 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9014/Department-of-Soil-Conservation.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →