വിജയനഗര്‍: കര്‍ണാടകയില്‍ കസ്റ്റഡിയിലെടുത്ത 42കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വിജയനഗര്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ക്കും മൂന്ന്‌പോലിസുകാര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഭരത്, സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ലിംഗരാജു, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അക്ഷത എന്നിവര്‍ക്കെതിരെയാണ് പരാതി രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം വഞ്ചനാ കേസില്‍ അറസ്റ്റിലായ യുവതിയെ പോലീസ് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. അവര്‍ പറഞ്ഞ പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കേണ്ടി വന്നു. ഒപ്പിട്ടില്ലെങ്കില്‍ വ്യാജ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. തനിക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ പോലീസ് നല്‍കിയിട്ടില്ലെന്നും യുവതി ആരോപിച്ചു. അതേസമയം, കൃത്യമായ നടപടിക്രമങ്ങള്‍ മാത്രമാണ് പാലിച്ചതെന്ന് വ്യക്തമാക്കിയ പോലിസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
2019 ജൂണ്‍ 14 ന് രാത്രി 8.15 ഓടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയും മക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. തനിക്കെതിരെ സമര്‍പ്പിച്ച വഞ്ചനക്കേസില്‍ പിന്നീട് അറസ്റ്റിലായി. അടുത്ത ദിവസം പോലീസ് അവളെ കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ തീയതിയില്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നുണ പറഞ്ഞു. അതിനാലാണ് കസ്റ്റഡിയില്‍ പോവേണ്ടി വന്നതെന്നും പരാതിയിലുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കോടതി സമീപിച്ചതിനെ തുടര്‍ന്നാണ് പോലിസുകാര്‍ക്കെതിരേ നടപടി ഉണ്ടായതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.