റോബര്‍ട്ട് ഫിസ്‌ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്‍ത്തകന്‍

അയര്‍ലന്‍ഡ്: പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു.പക്ഷാഘാതത്തെത്തുടര്‍ന്ന് ഡബ്ലിനിലെ സെയ്ന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരണം. അറബ് രാജ്യങ്ങളെ കുറിച്ച് ദശകങ്ങളായി പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴില്‍ ജീവിതത്തിലൂടെ തിരുത്തിയെഴുതിയ മാധ്യമപ്രവര്‍ത്തകനെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം, സെപ്തംബര്‍ 11 ഭീകരാക്രമണം തുടങ്ങി നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്ത ഫിസ്‌ക്, 1990കളില്‍ അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം നടത്തിയിട്ടുണ്ട്.
ബെയ്റൂത്തിലെ ഗാര്‍ഡിയന്‍ ഓഫീസ് ആസ്ഥാനമാക്കിയാണ് ഫിസ്‌ക് ഏറെയും പ്രവര്‍ത്തിച്ചത്.മിഡിലീസ്റ്റിലെ ചോര ചിന്തിയ തെരുവുകളിലൂടെ സത്യം ലോകത്തെ അറിയിക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം ചെറുതായിരുന്നില്ല.ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം അറബ് ഏകാധിപതികളേയും അവരെ നിയന്ത്രിക്കുന്ന പടിഞ്ഞാറന്‍ ശക്തികളേയും കുറിച്ചുള്ള വിലയിരുത്തലുകള്‍ എഴുത്തായി ഫിസ്‌ക് ലോകത്തെ അറിയിച്ചു. അതോടെ പടിഞ്ഞാറുനിന്നുള്ള രാഷ്ട്രീയ നേതാക്കളും മിഡിലീസ്റ്റ് ഏകാധിപതികളും ഫിസ്‌കിനെ ശത്രുവായാണ് കണ്ടിരുന്നത്.
ഇറാഖില്‍ അമേരിക്കയും ബ്രിട്ടനും അധിനിവേശം നടത്തിയ വേളയിലും സപ്തംബര്‍ 11 ആക്രമണ വേളയിലുമാണ് ഫിസ്‌കിന്റെ അതിശക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 2012ല്‍ ലബനോന്‍ സബ്ര-ശാത്തില കൂട്ടക്കൊല ( 1700 പേര്‍ വധിക്കപ്പെട്ട) നടന്ന സ്ഥലങ്ങളില്‍ പുന:സന്ദര്‍ശനം നടത്തി അദ്ദേഹം എഴുതിയ ലേഖനങ്ങളും ശ്രദ്ധയമായവയാണ്.
ബ്രിട്ടീഷ് ദിനപത്രമായ സണ്‍ഡേ എക്സ്പ്രസ്സിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. 1989ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേഖകനായ കരിയര്‍ ആരംഭിച്ച അദ്ദേഹത്തെ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ വിദേശകാര്യ ലേഖകന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →