തായ്പെയ്: യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം കോവിഡ് കണക്കുകൾ ഉയരുമ്പോൾ കഴിഞ്ഞ 200 ദിവസങ്ങളിൽ ഒരൊറ്റ കോവിഡ് കേസും രജിസ്റ്റർ ചെയ്യാതെ ലോകത്തെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയുമാണ് തായ് വാൻ. ഈ വ്യാഴാഴ്ചയാണ് (29/10/2020) തായ് വാൻ കോവിഡില്ലാത്ത 200 ദിവസം എന്ന റെക്കോർഡിലെത്തിയത്.
2020 ഏപ്രിൽ 12 നു ശേഷം ഒരൊറ്റ പോസിറ്റീവ് കേസും രാജ്യത്ത് റിപ്പോർട് ചെയ്തില്ല.
23 ദശലക്ഷം ജനങ്ങളുള്ള ഈ ദ്വീപ് രാജ്യത്ത് 553 കേസുകൾ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതിൽ തന്നെ ഏഴ് മരണങ്ങൾ മാത്രമാണുണ്ടായത്. അതിർത്തികൾ നേരത്തേ അടയ്ക്കുകയും യാത്ര കർശനമായി നിയന്ത്രിക്കുകയും ചെയ്തതാണ് തായ് വാന് രക്ഷയായതെന്ന് വിദഗ്ദ്ധർ പറയുന്നു. കർശനമായ കോൺടാക്റ്റ് ട്രെയ്‌സിംഗ്, വ്യാപകമായ മാസ്ക് ധരിക്കൽ എന്നിവയും രോഗത്തെ മൂക്കുകയറിട്ട് നിർത്താൻ തായ് വാനെ സഹായിച്ചു.
ഇതിനെല്ലാമപ്പുറം ‘സാർസ്’ പടർന്നു പിടിച്ചതിൽ നിന്നും ആർജിച്ച അനുഭവജ്ഞാനവും തായ് വാന് മുതൽക്കൂട്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

