കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. കേസില്‍ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജയില്‍ പറയുന്നു.
പ്രോസിക്യൂട്ടറെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള സംസാരം പോലും കോടതിയിലുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്ത നേരത്ത് ഊമക്കത്ത് വായിക്കപ്പെട്ടെന്നും നീതിപൂര്‍വ്വമായ യാതൊരു വിശദീകരണവുമില്ലാതെ മനപ്പൂര്‍വ്വം വിചാരണയുടെ ചില ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നുവെന്നും ഹര്‍ജിയില്‍പ്പറയുന്നു. പ്രോസിക്യൂഷനെതിരെ കോടതിയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങളുയര്‍ന്നിരുന്നു.
പല പ്രധാന വസ്തുതകളും കോടതിയില്‍ രേഖപ്പെടുത്തിയില്ല. ഇത് മനപ്പൂര്‍വ്വമാണ്. ധാരാളം അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചതെന്നും ഇത് നിയന്ത്രിക്കാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ആരോപിക്കുന്നു. വിസ്താരവേളയില്‍ തനിക്ക് പ്രതിഭാഗത്തുനിന്നും മാനസികപീഡനം നേരിടേണ്ടിവന്നെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പോലും കോടതിയില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങളുയര്‍ന്നതായി കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു.
എറണാകുളത്തെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. കേസിൽ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

