ലഖ്‌നൗ: ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റഹ്മുദ്ദീൻ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സിദ്ധാര്‍ത്ഥ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം.
‘നിരപരാധികളെ കുടുക്കാനും നിയമം ഉപയോഗിക്കപ്പെടുന്നുണ്ട്. എന്ത് മാംസം കിട്ടിയാലും യാതൊരു പരിശോധനയും കൂടാതെ അത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പല കേസുകളിലും ഇറച്ചി പരിശോധനയ്ക്കായി പോലും അയക്കപ്പെടുന്നില്ല. പലപ്പോഴും ഒരു തെറ്റും ചെയ്യാത്തവർ കൈവശമുണ്ടായിരുന്നത് എന്താണെന്ന് പരിശോധിക്കപ്പെടാത്തത് കൊണ്ട് മാത്രം ഏഴ് വര്‍ഷത്തോളം ജയിലില്‍ കിടക്കും,’ കോടതി പറഞ്ഞു.
വഴിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ വീണ്ടെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും കോടതി നരീക്ഷിച്ചു.
‘അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരിവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ല. വീണ്ടെടുക്കുന്ന പശുക്കള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള കണക്കുമില്ല. പാല്‍ ചുരത്താത്തതും പ്രായം ചെന്നതുമായ പശുക്കളെ ഗോശാലകളില്‍ സംരക്ഷിക്കാത്തതിനാല്‍ ഇവ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്.
ഇവ ഓവുചാലിലെ മലിന ജലം കുടിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. മാത്രമല്ല, ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ മേച്ചില്‍ പുറങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവ കൃഷി നശിപ്പിക്കുകയും ചെയ്യുന്നു,’ കോടതി നിരീക്ഷിച്ചു.

