ഗൂർഖാ നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് മരിച്ച പൊലീസുകാരന്റെ പിതാവ്

കൊൽക്കത്ത: ഗൂർഖാ വിഘടനവാദി നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് ഏറ്റുമുട്ടലിൽ മരിച്ച പൊലീസുകാരന്റെ പിതാവ്. ഗുരുങ്ങിനെ സംഘത്തിന്റെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ അമിതാഭ് മാലിക്കിന്റെ പിതാവാണ് തന്റെ മകന്റെ കൊലയാളിയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാനുള്ള ഗൂർഖാ ജന മുക്തി മോർച നേതാവ് ബിമൽ ഗുരുങിന്റെ നാടകീയമായ നീക്കം പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

യുഎപി‌എ അടക്കം നിരവധി വകുപ്പുകൾ പ്രകാരമുള്ള കേസുകൾ ഗുരുങിന്റെ പേരിൽ ഉണ്ട്.

ടിഎംസിയെ പിൻതുണയ്ക്കാൻ ഗൂർഖാ ജനമുക്തി മോർച്ച തീരുമാനിച്ചതോടെ മമതാ ബാനർജി പണ്ടു പ്രഖ്യാപിച്ചതെല്ലാം മറന്നുവെന്ന് അമിതാഭ് മാലിക്കിന്റെ പിതാവ് തപൻ മാലിക്ക് പറഞ്ഞു. “ഗുരുങ്ങിനെ പിടികൂടുമെന്ന് 2018 ൽ പ്രഖ്യാപിച്ച മമതാ ബാനർജി എല്ലാം മറന്നിരിക്കുന്നു. തന്റെ മകനെ പോലുള്ളവരുടെ ജീവൻ പൊലിഞ്ഞതു മാത്രം ബാക്കിയായി” അദ്ദേഹം പറഞ്ഞു.

“സംസ്ഥാന സർക്കാർ എനിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. അവർക്ക് വേണമെങ്കിൽ, ഞാൻ പണം മടക്കിനൽകും, പക്ഷേ അവർ എന്റെ മുന്നിൽ ബിമൽ ഗുരുങിനെ പിടികൂടി എത്തിക്കണം” അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →