ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണം ഈ വർഷം ഡിസംബറിൽ ആരംഭിച്ച് 2022 ഒക്ടോബറോടെ പൂർത്തീകരിക്കുമെന്ന് കേന്ദ്ര സർക്കാർ . അതേസമയം, ലോക്സഭാ സെക്രട്ടേറിയറ്റിലെ നിലവിലുള്ള കെട്ടിടങ്ങളിൽ ഈ കാലയളവിലെ പാർലമെന്റ് സെഷനുകൾ തടസ്സമില്ലാതെ നടത്തുന്നതും ഉറപ്പാക്കും. വെള്ളിയാഴ്ച (23/10/20 )യാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ വേളയിൽ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മുഴുവൻ എംപിമാർക്കും പ്രത്യേക ഓഫീസുകളുള്ളതാകും പുതിയ പാർലമെന്റ് മന്ദിരം .ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള ലോഞ്ച്, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, ധാരാളം പാർക്കിംഗ് സ്ഥലം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ടാകും.
പുതിയ കെട്ടിടത്തിൻ്റെ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയ്ക്കകത്ത് 384 അംഗങ്ങൾക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബറിൽ നടക്കുന്ന നിർമാണ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുക്കും.
എഡ്വിൻ ല്യൂട്ടൻസും ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകൽപ്പന ചെയ്ത ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടമാണ് നിലവിലുള്ള പാർലമെൻ്റ് മന്ദിരം. നിലവിലുള്ള പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ല് 1921 ഫെബ്രുവരി 12 നാണ് സ്ഥാപിച്ചത്. നിർമ്മാണത്തിന് ആറ് വർഷമെടുത്തു, അന്ന് 83 ലക്ഷം രൂപ ചെലവായി. ഉദ്ഘാടന ചടങ്ങ് 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിനാണ് നിർവഹിച്ചത്.

