സ്വവർഗ വിവാഹം – മാർപ്പാപ്പ അങ്ങനെ പറയില്ലെന്ന് കെ സി ബി സി

കൊച്ചി: സ്വവർഗ ലൈംഗികതയെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി വന്ന മാധ്യമ വാർത്തകൾ തെറ്റെന്ന് കെ സി ബി സി. മാധ്യമങ്ങൾ തെറ്റായാണ് റിപ്പോർട് ചെയ്തത്. സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ നൽകണമെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ല. ഇത്തരക്കാരുടെ ഒന്നിച്ചുള്ള താമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെ സി ബി സി പറയുന്നു.

ബുധനാഴ്ച (21/10/20) റോം ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കപ്പെട്ട ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിൽ സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ആദ്യമായാണ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റടക്കമുളള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട് ചെയ്തത്.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല.

മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗേ ആയ വ്യക്തി പുരോഹിതനാകുന്നതിനോടുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സെപ്തംബറില്‍ എല്‍.ജി.ബി.ടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ലവകരമായ മാറ്റമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →