ഭോപ്പാല്‍: മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അറസ്റ്റിലായ തന്നെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20-കാരിയായ യുവതി പരാതി നല്‍കി.
കൊലപാതകക്കേസില്‍ പ്രതിയാണ് പരാതിക്കാരിയായ സ്ത്രീ. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിയുടെ മുമ്പിലാണ് യുവതി പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മെയ് 9 നും 21 നും ഇടയിലാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്തെന്നും യുവതി പറഞ്ഞു. യുവതി ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

