ഒരു കുട്ടനാടൻ കൊയ്‌ത്തോർമ്മ

ആലപ്പുഴ: 1976 -77കാലഘട്ടം . എന്റെ അമ്മ വീട് ചിങ്ങവനം അടുത്ത് കുഴിമറ്റം എന്ന സ്ഥലത്ത് ആണ് . കുട്ടനാടൻ പാടങ്ങളിൽ കൊയ്‌ത്തു കാലം ആകുമ്പോൾ നാട്ടിൽ നിന്നും ധാരാളം ആൾക്കാർ കൊയ്യാൻ പോകും . പാടത്ത് കൊയ്‌ത്തിനു പോകുന്നവർ ഉച്ചയ്ക്ക് വേണ്ട ചോറും പൊതിഞ്ഞ് മൺ കൂജയിൽ കുടിക്കാൻ വെള്ളവുമായിട്ടാണ് പോകുന്നത്. അവിടെ നിന്നും കിലോമീറ്ററുകൾ നടന്നും വള്ളത്തിലും ഒക്കെ ആയിട്ടാണ് കായൽ പ്പാടങ്ങളിൽ എത്തിയിരുന്നത് . കൊയ്‌ത്ത് കഴിഞ്ഞ് വരുന്നവർ പറയും അവിടെ ഭയങ്കര ചൂടാണ്, കുടിക്കാൻ കൊണ്ടുപോകുന്ന വെള്ളം തീരുമ്പോൾ കായലിലെ വെള്ളം കുടിക്കുമെന്നുമൊക്കെ. ഞാൻ ചോദിച്ചിട്ടുണ്ട് ആരെങ്കിലും കായലിലെ വെള്ളം കുടിക്കുമോ എന്ന് . അതൊക്കെ കഴിഞ്ഞ് ഞാനും അവരുടെ ഒപ്പം കൊയ്ത്തിനു പോകാൻ തുടങ്ങി .

ഒരിക്കൽ ആറായിരം പാടത്തിലാണ് കൊയ്ത്തിന് പോയത് (കായൽപാടശേഖരങ്ങൾക്ക് ആറായിരം പാടം, 24ആയിരം പാടം എന്നൊക്കെയാണ് പേര് , അതായത് 6000 പറ വിത്ത് വിതയ്ക്കാവുന്ന പാടം ആറായിരം പാടം )
രാവിലെ ഞങ്ങൾ അഞ്ചാറ് പേർ ഒരുമിച്ചാണ് പോകുന്നത്. രണ്ടു മൂന്ന് കിലോമീറ്റർ നടന്നു കഴിഞ്ഞ് ഞങ്ങൾക്ക് ഒരു വള്ളം കിട്ടി , എല്ലാവരും സാവധാനം വള്ളത്തിൽ കയറാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് കരയിൽ നിന്നും വള്ളത്തിലേക്ക് എടുത്തൊരു ചാട്ടം , ഞങ്ങളുടെ നാട്ടിലെ പ്രധാന വാഹനമായ ജീപ്പിൽ കേറുകയും ഇറങ്ങുകയും ചെയ്യുന്നതുപോലെ, വള്ളം പെട്ടെന്ന് മുന്നോട്ട് നീങ്ങുകയും കേറാൻ തുടങ്ങിയവർ വെള്ളത്തിലേക്ക് വീഴാൻ തുടങ്ങുകയും ചെയ്തു ഭാഗ്യത്തിന് വീണില്ല, പക്ഷെ വള്ളക്കാരന്റെ വായിൽ നിന്നും നാടൻ വഞ്ചിപ്പാട്ട് കേൾക്കാൻ താമസം വേണ്ടിവന്നില്ല . കൂടെയുള്ളവർ ഒപ്പം പറഞ്ഞു ആള് കിഴക്കനാ എന്ന്, (ഹൈറേഞ്ച് കാരെ അവർ കിഴക്കർ എന്നാണ് വിളിച്ചിരുന്നത് )അതോടെ വള്ളക്കാരെന്റെ ദേഷ്യം അടങ്ങി.

ഏതാണ്ട് 9മണിക്ക് അടുത്തായി പാടത്ത് എത്തുമ്പോൾ. 3ഉം 4ഉം മീറ്റർ വീതിയിലുള്ള ചിറ, നിറയെ തെങ്ങുകൾ. ആറായിരം പാടത്തിന് ചുറ്റിലും കാവൽക്കാരെപ്പോലെ നിൽക്കുന്നു. ഏതാണ്ട് രണ്ടുമൂന്നാൾ താഴ്ചയിൽ സ്വർണ നിറത്തിൽ വിളഞ്ഞു കിടക്കുന്ന പാടം കാണുമ്പോൾ തന്നെ മനസ്സ് നിറയും. ചുറ്റിലും രണ്ടുമൂന്നാൾ പൊക്കത്തിൽ കായലിൽ നിറയെ വെള്ളം, ജല വിതാനത്തിൽ നിന്നും വളരെ താഴ്ന്ന് പാടം, ഒരുപക്ഷെ നമ്മുടെ രാജ്യത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത കാഴ്ച്ച, (ഇടയ്ക്ക് എങ്ങാനും മഴ വീണാൽ ആറായിരം പാടം മുഴുവൻ വെള്ളത്തിലാവും)

കൊയ്യാൻ വന്നവർ എല്ലാം വരമ്പിൽ നിൽക്കുകയാണ് , അതിനപ്പുറം കുറെ പോലീസുകാരും. കൊയ്യാൻ ഇറങ്ങണമെങ്കിൽ പാസ്സ് വാങ്ങണം തിരക്ക് നിയന്ത്രിക്കാൻ പോലീസ് എത്തിയതാണ്. ഞങ്ങളുടെ കൂടെയുള്ള എല്ലാവർക്കും ഞാൻ ആണ് പാസ്സ് വാങ്ങി എടുത്തത് . കൊയ്‌ത്ത് തുടങ്ങി , വളരെ വേഗത്തിൽ കൊയ്യുന്ന നെല്ല് കൈ നിറയുമ്പോൾ പുറകിൽ പാടത്ത് തന്നെ വെയ്ക്കും. കൊയ്തു തീർന്ന ശേഷമാണ് കറ്റ കെട്ടുന്നത് . തെളിഞ്ഞ സൂര്യൻ ആവുന്ന ശക്തിയിൽ താഴോട്ട് ചൂട് വർഷിച്ചുകൊണ്ട് നേരെ മുകളിൽ ചിരിച്ചു നിന്നിരുന്നു. പതിനൊന്നര മണിയായപ്പോൾ തന്നെ ഞങ്ങൾ കൊണ്ടുപോയ വെള്ളം തീർന്നു . താഴെ ജലാംശമുള്ള മണ്ണിൽ നിന്നുയരുന്ന നീരാവിയുടെ ചൂടും സൂര്യൻ കനിഞ്ഞു നൽകുന്ന സ്നേഹച്ച ചൂടും കൂടിയായപ്പോൾ വെള്ളം കുടിക്കാതിരിക്കാൻ പറ്റാതായി. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല, പാടത്തുനിന്നും ഉയരത്തിൽ കിടക്കുന്ന കായലിലേക്ക് എടുത്തു ചാടി ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം തിരികെ വന്ന് കൊയ്‌ത്ത് തുടർന്നു .

അവിടുത്തെ കഠിനമായ ചൂടിൽ ജോലി ചെയ്യുന്നവരുടെ വസ്ത്രത്തിന് പുറത്തുള്ള ശരീര ഭാഗങ്ങൾ എല്ലാം നല്ല കറുപ്പ് നിറമായിരിക്കും. ശരിക്കും പഞ്ചാഗ്നി നടുവിൽ നിൽക്കുന്ന അവസ്ഥ. നിലത്തുനിന്ന് ഉയരുന്ന നീരാവിയുടെ ചൂടും മുകളിൽ നിന്നും പൊഴിയുന്ന പുറം പൊളിയുന്ന ചൂടും ഏറ്റിട്ടുള്ളത് കൊണ്ടാവണം കരുമാടിക്കുട്ടന്മാർ എന്ന പേര് തന്നെ വന്നിട്ടുള്ളത്. പിന്നെയാണ് കറ്റ കെട്ടുന്നത് , മൂന്നാല് കതിർക്കുലകൾ ഇരു കൈകളിലും എടുത്ത് കതിർ ഭാഗം തമ്മിൽ ചേർത്ത് വെച്ച് ഒന്ന് പിരിച്ച് നിലത്ത് കൊയ്ത് വെച്ച നെല്ലിന്റെ മുകളിൽ വെച്ച് അവ മുഴുവനും കൂടി വള്ളിപോലെ ആക്കിയശേഷം കതിർ വള്ളിക്കുള്ളിലാക്കി മുറുക്കിപ്പിരിച്ച് അഗ്രഭാഗം കറ്റയ്ക്കുള്ളിലാക്കി കേറ്റി വെയ്ക്കുന്നു. ഈ പ്രക്രിയയിൽ ഒരു മണി നെല്ല് പോലും പൊഴിഞ്ഞ് നിലത്തു വീഴാറില്ല.

എന്നാൽ കൊയ്യുന്ന സമയത്ത് വേഗക്കൂടുതൽ കാരണം കതിരുകൾ തെറിച്ച് വീഴാറുണ്ട്. കൊയ്യാൻ പാസ്സ് കിട്ടാത്തവർ ഇങ്ങനെ വീഴുന്ന കതിരുകൾ പെറുക്കി അന്നത്തെ കൂലി ഒപ്പിക്കുന്നവരും ഉണ്ടായിരുന്നു . പിന്നീടവ എടുക്കാവുന്ന ചുമടുകളാക്കി തലയിൽ ചുമന്ന് കറ്റ മെതിയ്ക്കുന്ന കളത്തിൽ എത്തിക്കും. ‘കളമടി’ കൊണ്ട് (ചൂൽ എന്നു പറയാറില്ല അന്നത്തിനോടുള്ള ബഹുമാനം കൊണ്ട് )വൃത്തിയാക്കിയ സ്ഥലത്ത് ഓരോ കറ്റകളും നിലത്ത് തല്ലിയും കാൽ കൊണ്ട് മെതിച്ചും കച്ചി (വയ്ക്കോൽ )വേർതിരിക്കുന്നു. മൂന്ന് മണിയോളം ആകുമ്പോൾ പതിര് പിടിക്കാൻ തുടങ്ങും . ഞങ്ങളുടെ മലനാട്ടിലൊക്കെ മുറം കൊണ്ട് പേറ്റിയാണ് പതിര് വേർതിരിച്ചിരുന്നത് . എന്നാൽ ഇവിടെ ഉച്ച കഴിയുമ്പോൾ തുടങ്ങുന്ന പടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ പതിര് കളയുന്നത് എളുപ്പമാണ് .

കുട്ടയിലോ വട്ടിയിലോ നെല്ല് കോരി മുകളിൽ ഉയർത്തിപ്പിടിച്ച് കുറേശ്ശ താഴോട്ട് ഇട്ടാൽ മതി പതിരെല്ലാം ദൂരെ പോയ്‌ വീഴും . അതാണ് പതിര് പിടുത്തം. ചില സമയങ്ങളിൽ പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടുതൽ ആയിരിക്കും. അങ്ങനെ ഒരു സമയത്ത് കറ്റകൾ തലയിൽ ചുമന്ന് പാട വരമ്പത്ത് കൂടി വന്ന ഒരു സ്ത്രീ കാറ്റിന്റെ ശക്തിയിൽ കറ്റക്കെട്ടുമായി തലേംകുത്തി പാടത്ത് വീണതും, വീഴ്ചയിൽ ലൂസ് ആയി കെട്ടിയ കറ്റകൾക്കിടയിൽ നിന്നും തല എടുക്കാൻ വിഷമിക്കുന്നതും ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു .ഇടവേളയിൽ പാടത്തിനപ്പുറം കായലിനക്കരെയുള്ള ചെറു പീടികയിൽ നിന്നും കടുംകാപ്പിയും പരിപ്പ് വടയും വാങ്ങുവാൻ മൂന്നോ നാലോ മുളകൾ ചേർത്ത് കെട്ടിയ ചെറു ചങ്ങാടത്തിൽ പോകുമായിരുന്നു. അങ്ങനെ ഒരിക്കൽ കാപ്പിയുമായി വരുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ കാണിച്ച കുസൃതിയും മറന്നിട്ടില്ല .

ഒരു വെള്ളയ്ക്കായിൽ പച്ച ഈർക്കിൽ വളച്ചുകുത്തി അതിന് നടുവിലൂടെ വീണ്ടും രണ്ട് ഈർക്കിൽ കൂടി കുത്തി നിറുത്തി അതിനിടയിൽ തീരെ ചെറിയ ഈർക്കിൽ ഒരു റബർ ബാൻഡിൽ ചുറ്റി പിരിച്ച്, റബ്ബർ ബാന്റിന്റെ പിരിവ് നിവരാതെ പരിപ്പുവട പേപ്പറിൽ പൊതിയുന്ന പോലെ പൊതിഞ്ഞ് ഒരമ്മച്ചിക്ക് കൊടുക്കുകയും, കൈയ്യിൽ വാങ്ങിയ സമയത്ത് റബർ ലൂസ് ആയി ഏതോ ജീവനുള്ള വസ്തു പിടയ്ക്കുന്ന പോലെ പട പടാന്ന് ഒച്ചയുണ്ടാക്കി. പേടിച്ച അമ്മച്ചി പാടത്തിനും ചിറയ്ക്കും ഇടയിലെ വെള്ളത്തിൽ വീണതും മറക്കാൻ കഴിയില്ല .

അവസാനം നെല്ല് അളന്ന് ചാക്കുകളിൽ നിറയ് ക്കുകയും ഒപ്പം തന്നെ അഞ്ചോ ആറോ പറ അളന്ന ശേഷം അടുത്തത് കൊയ്ത്തുകാർക്ക് ‘പത ‘ മായും (കൂലി ആയി കിട്ടുന്ന നെല്ല് ) കിട്ടും . നല്ല കൊയ്ത്ത് ആണ് കിട്ടിയതെങ്കിൽ മൂന്നും നാലും പറ നെല്ല് പതമായി കിട്ടുമായിരുന്നു . ഇങ്ങനെ കിട്ടിയ നെല്ലും ചുമന്ന് തിരികെ വീട്ടിൽ എത്തുമ്പോൾ നേരം ഇരുട്ടും . ചൂട്ടു കറ്റ കത്തിച്ച് അതിന്റെ വെട്ടത്തിൽ ആണ് ചരൽ നിറഞ്ഞ വഴിയിലൂടെ മുറ്റം വരെ എത്തിയിരുന്നത് . ആ ഓല കത്തുന്ന മണവും, വെള്ളം പാളയിൽ വലിച്ചുകോരി കിണറ്റിന്കരയിൽ നിന്നുള്ള കുളിയും ഇന്നും നഷ്ട സ്വപ്നങ്ങളായി മനസ്സിൽ തുള്ളികളിയ്ക്കുന്നു .

രവികുമാർ

Share

About പി ഡി രവികുമാർ

View all posts by പി ഡി രവികുമാർ →