തിരുവനന്തപുരം: കോവിഡ് ബാധിതനായ പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് തെറ്റിദ്ധരിച്ച് മകൻ ആശുപത്രിയിലെത്തി ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസവും അജ്ഞാത മൃതദേഹം എന്ന പേരിൽ മോർച്ചറിയിലായിരുന്നു പിതാവ്.
താൻ വസ്ത്രവും മറ്റും എത്തിക്കുന്നത് മറ്റൊരാൾക്കാണെന്ന് മകൻ നൗഷാദിന് അറിയില്ലായിരുന്നു. ആശുപത്രി ജീവനക്കാർക്കും അക്കാര്യം മനസിലായില്ല. തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്‍ കുഞ്ഞ് ആയിരുന്നു നൗഷാദിൻ്റെ പിതാവ്. എന്നാൽ കോവിഡ് ബാധിച്ച അതേ പ്രായമുള്ള മറ്റൊരു സുലൈമാൻ കുഞ്ഞും അവിടെയുണ്ടായിരുന്നു. ആശുപത്രി അധികൃതർക്ക് ആളുമാറിയപ്പോൾ നൗഷാദിൻ്റെ പിതാവിന് അജ്ഞാത മൃതദേഹമായി കിടക്കേണ്ടി വന്നത് അഞ്ചു ദിവസം .
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു നൗഷാദിൻ്റെ പിതാവ് സുലൈമാനെ പ്രവേശിപ്പിച്ചിരുന്നത്. ഒടുവിൽ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന്.
2020 ഓഗസ്റ്റ് 26 നാണ് അസുഖബാധിതനായ സുലൈമാനെ നൗഷാദ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 ദിവസം കഴിഞ്ഞപ്പോള്‍ സുലൈമാന് കൊവിഡ് പോസിറ്റീവായി. അതേ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പിറ്റേ ദിവസം നൗഷാദ് പാരിപ്പള്ളിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയില്ലന്നാണ് അറിഞ്ഞത്.സുലൈമാനെ കൊല്ലം എസ്.എന്‍. കോളജിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു. അവിടെയെത്തി അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ കൈമാറി നൗഷാദ് മടങ്ങി.
എന്നാൽ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ചപ്പോൾ
ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയെന്നു പറഞ്ഞു. അവിടെയെത്തിയപ്പോള്‍ വീണ്ടും പാരിപ്പള്ളിയിലേക്ക് കൊണ്ടുപോയെന്നറിയിച്ചു. തുടർന്ന് പാരിപ്പള്ളിയിൽ എത്തി വസ്ത്രങ്ങളും ഭക്ഷണവും കൈമാറി മടങ്ങി.
വീണ്ടും ഒക്ടോബര്‍ 16ന് വിളിച്ചപ്പോള്‍ സുലൈമാന് കൊവിഡ് നെഗറ്റീവായി വാര്‍ഡിലേക്ക് മാറ്റിയെന്നും നഴ്സ് പറഞ്ഞു. തുടർന്ന് കാണാന്‍ ചെന്നപ്പോഴാണ് അതു സുലൈമാനല്ലെന്ന് മനസ്സിലായത്. ശാസ്താംകോട്ട സ്വദേശിയായ മറ്റൊരു സുലെമാൻ കുഞ്ഞായിരുന്നു അത്.
ആശുപത്രി അധികൃതരോട് തിരക്കിയപ്പോൾ മേല്‍വിലാസം മാറിപ്പോയെന്നാണ് പ്രതികരിച്ചത്. തൻ്റെ പിതാവ് എവിടെ പോയെന്ന അന്വേഷണമായി പിന്നീട്.
കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നിരവധി ആശുപത്രികളിൽ കയറിയിറങ്ങി. ഒടുവിൽ തിരുവനന്തപുരത്തെ മോര്‍ച്ചറിയില്‍ പിതാവിനെ കണ്ടെത്തുകയായിരുന്നു.
2020 ഒക്ടോബർ 13-ാം തിയതി മരിച്ച സുലൈമാൻ്റെ മൃതദേഹം 17നാണ് ഖബറടക്കം നടത്തിയത്. മൂന്നു ഫോൺ നമ്പറുകൾ നൽകിയിട്ടും പിതാവ് മരിച്ചത് തന്നെ അറിയിച്ചില്ലെന്നാണ് മകൻ്റെ പരാതി. എസ്.എന്‍. കോളജിലെ കൊവിഡ് കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വിലാസത്തില്‍ പിശകുണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. സുലൈമാനെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവശനായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ ഐസിയു ഒഴിവില്ലാത്തതിനാല്‍ തിരുവനന്തപുരത്തേക്കയക്കുകയായിരുന്നത്രേ

