ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ ആശുപത്രി സന്ദര്‍ശനം വൈകിപ്പിക്കുന്നതിനാല്‍ രണ്ട്, മൂന്ന് ഘട്ടങ്ങളിലെത്തിയ സ്തനാര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്ക്രീനിംഗും കണ്‍സള്‍ട്ടേഷനുകളും വൈകുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് രമേശ് സരിന് പറഞ്ഞു.
നേരത്തെ ചികില്‍സയില്‍ ഇരുന്നവര്‍ വരെ കൃത്യമായി പരിശോധനയ്ക്ക് എത്തുന്നില്ല. ശസ്ത്രക്രിയാനന്തര ഫോളോ-അപ്പുകള്‍ക്കായി സ്ത്രീകള്‍ പ്രതിമാസ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. മാസത്തില്‍ 400 ഓളം സ്ത്രീകള്‍ സ്ക്രീനിംഗ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ രോഗം മുര്‍ച്ഛിക്കുന്ന അവസ്ഥയിലാണ് പലരും ആശുപത്രിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം.
ഇന്ത്യയില്‍ ലക്ഷത്തില്‍ 100 പേര്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് കണക്കുകള്‍. ഇതില്‍ 30 പേര് സ്തനാര്‍ബുദ രോഗികളാണ്. ഇതില്‍ പ്രധാന കാര്യം മറ്റുളള രാജ്യങ്ങളില്‍ അര്‍ബുദരോഗം കൂടുതല്‍ ബാധിക്കുന്നത് 65 വയസ്സിനടുപ്പിച്ചുളളവരെയാണെങ്കില് ഇന്ത്യയില്‍ ഇത് 35-64 വയസ്സിനിടയിലുളളവരെയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.5 ലക്ഷത്തിലധികം സ്തനാര്‍ബുദ രോഗികള്‍ രോഗനിര്‍ണയം നടത്തുന്നുവെന്നാണ് കണക്ക്. ഇതില്‍ 70,000 ത്തോളം സ്ത്രീകള്‍ രോഗബാധിതരാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

