ഉത്തർപ്രദേശ്: ഹാത്രാസ് കൂട്ട ബലാല്‍സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്.ഐ.ടി സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് 17 -10 -2020 ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേസിൽ അന്വേഷണം പൂര്‍ത്തിയായതായി ഇന്നലെ എസ്.ഐ.ടി അറിയിച്ചിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ മൊഴിയെടുത്തു. പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറന്‍സിക് പരിശോധനക്ക് അയക്കും.എസ്പി ,ഡിഎസ്പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ എസ്ഐടി പുറത്തുവിട്ടത് വിവാദമായിരുന്നു.
കേസില്‍ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.

