കോഴിക്കോട്: സംഗീത സംവിധായകന് കെ. രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കെ.പി.എ.സി രൂപം കൊടുത്ത കെ.രാഘവന് മാസ്റ്റര്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.
മലയാള സംഗീത ലോകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിക്ക് വലിയ പങ്കുണ്ടെന്നും തലമുറകള്‍ ഏറ്റുപാടിയ കാവ്യമനോഹരമായ ഭാവഗീതങ്ങളുടെ കവിയാണ് അദ്ദേഹമെന്നും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
എം. ജയചന്ദ്രന്, ഡോ. കെ ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. അറിയാതെ മൂളി പോകുന്ന എത്രയോ ഈരടികളിലൂടെ നമ്മുടെയെല്ലാം ജീവിതത്തില്‍ നിത്യസാന്നിധ്യമായ ശ്രീകുമാരന്‍ തമ്പിക്ക് നാട്ടുസംസ്കൃതിയുടെ ഈണവും താളവും കൊണ്ട് എന്നും ജനമനസ്സില്‍ ജീവിക്കുന്ന കെ.രാഘവന് മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്കാരം നല്കുന്നതില് അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
കെ. രാഘവന് മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് പ്രസിഡണ്ട് വി.ടി മുരളിയും സെക്രട്ടറി ടി.വി ബാലനും അറിയിച്ചു.

