ശ്രീനഗർ: ശത്രു സൈനികരുടെയായാലും മൃതദേഹങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ സൈന്യം എക്കാലവും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമമായ ഒരു മാതൃകയുണ്ട് കാശ്മീരിലെ നൗഗം സെക്ടറിൽ . യുദ്ധത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥന്റെ ഒരു കബറിടം ഇവിടെയുണ്ട്. ഇപ്പോൾ അത് പുതുക്കിപ്പണിഞ്ഞ് വേലി കെട്ടിത്തിരിച്ച് മനോഹരമാക്കിയിരിക്കുകയാണ് സൈന്യം.
1972ൽ കൊല്ലപ്പെട്ട പാക് മേജർ മുഹമ്മദ് ഷബീർഖാന്റെ കബറിടമാണ് ചുറ്റുവേലി ഉൾപ്പടെ കെട്ടി ഇന്ത്യൻ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികൾ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീർഖാൻ. പാകിസ്ഥാനുവേണ്ടി ഇന്ത്യൻ സൈന്യത്തെ എതിരിടുന്നതിനിടെ 1972 ലാണ് അദ്ദേഹം വെടിയേറ്റുവീഴുന്നത്. എന്നാൽ, മൃതദേഹം ഏറ്റെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. ഉന്നത സൈനിക ബഹുമതി നേടിയ ആ മേജറിനെ പാക്കിസ്ഥാൻ സമ്പൂർണമായി അവഗണിച്ചു.
പക്ഷേ, ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം മതാചാരപ്രകാരം വീരോചിതം സംസ്കരിച്ചു. ഇപ്പോൾ കബറിടം പുതുക്കിപ്പണിയുകയും ചെയ്തിരിക്കുന്നു.

