ഹൈദരാബാദ്: സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയ്ക്ക് പോയ യുവതിയെ കേക്കില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) പ്രൊഫഷണലുകള്‍ താമസിക്കുന്ന നഗരത്തിലെ കുക്കത്പള്ളി പ്രദേശത്താണ് സംഭവം.ജൂബിലി ഹില്‍സ് വസതിയില്‍ നിന്ന് കുക്കാത്പള്ളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പാര്‍ട്ടിയ്ക്ക് പോയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.ഒരു കേക്ക് കഷണം സുഹൃത്തുക്കള്‍ നല്‍കും വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് കഴിച്ച് ബോധം നഷ്ടമായതോടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ആരോടും ഒന്നും വെളിപ്പെടുത്തരുതെന്ന് പ്രതികള്‍ ഇരയെ ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.പിന്നീട് കേസ് കുക്കാത്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.

