തിരുവനന്തപുരം: വിപ്പ് ലംഘനം സംബന്ധിച്ച റോഷി അഗസ്റ്റിന്റെ പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തൻ്റെ വിപ്പ് ലംഘിച്ച പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു.
റോഷി അഗസ്റ്റിൻ്റെ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. ഓഗസ്റ്റ് 24നു നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നു വിട്ടു നിൽക്കണമെന്ന വിപ്പ് ഇരുവരും അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്കു കത്തു നൽകിയത്. കാരണം കാണിക്കാൻ സ്പീക്കർ ഇരുവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
എന്നാൽ വിപ്പ് താനാണെന്നു കാട്ടി മോൻസ് ജോസഫും സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. ഏതു വിഭാഗത്തിനെതിരെയാണോ നടപടി, അവരുടെ അംഗങ്ങൾ അയോഗ്യരാവും.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണ് നോട്ടിസ് നൽകിയതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറുപടി കിട്ടുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. വിപ്പ് താനാണെന്നു കാട്ടി മോൻസ് ജോസഫ് നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിയമവശം നോക്കി നടപടികൾ സ്വീകരിക്കും. നടപടി അനിശ്ചിതമായി നീട്ടി കൊണ്ടുപോകാൻ പാടില്ലെന്നു സുപ്രീംകോടതി നിർദേശമുള്ളതിനാൽ വേഗം തീരുമാനമെടുക്കുമെന്നു സ്പീക്കർ പറഞ്ഞു.