ഭക്ഷ്യ കാർഷിക സംഘടന(FAO)യുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷ സ്മരണാർത്ഥം പ്രധാനമന്ത്രി 75 രൂപ നാണയം പുറത്തിറക്കി

ന്യൂ ഡൽഹി: ഭക്ഷ്യ കാർഷിക സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ  സ്മരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപ നാണയം വീഡിയോ കോൺഫറൻസിങ്ങിലൂടെ ഇന്ന്  പുറത്തിറക്കി. സമീപകാലത്തായി വികസിപ്പിച്ച 17 ജൈവ സമ്പുഷ്ടീകൃത ധാന്യ വിളകൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. പോഷണവൈകല്യം തടയാൻ ലോകമെമ്പാടും പ്രവർത്തിക്കുന്നവരെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു.

കർഷകർ,  കാർഷിക ശാസ്ത്രജ്ഞർ,  അംഗനവാടി,  ആശാവർക്കർമാർ എന്നിവർ  പോഷണവൈകല്യത്തിന് എതിരായുള്ള അടിസ്ഥാന പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കഠിന പരിശ്രമമാണ് പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ  അടുത്തുപോലും ഗവൺമെന്റ് സേവനങ്ങൾ എത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാർഷികോല്പാദന വർദ്ധനയിലും ദാരിദ്ര്യ നിർമാർജനത്തിനും പോഷണപരമായ കാര്യങ്ങളിലും ഭക്ഷ്യ കാർഷിക സംഘടന മികച്ച സേവനമാണ് നടത്തിവരുന്നത്. വേൾഡ് ഫുഡ് പ്രോഗ്രാമിന് ഈ വർഷത്തെ നോബൽ സമാധാന പുരസ്കാരം ലഭിച്ചത് എഫ്എഓ  യുടെ നേട്ടമാണ്. അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ ഇന്ത്യയ്ക്ക്  സന്തോഷമുണ്ട് എന്നും  പ്രധാനമന്ത്രി പറഞ്ഞു.

ഡോ. ബിനയ് രഞ്ജൻ സെൻ  എഫ്എ ഓ  ഡയറക്ടർ ജനറൽ ആയിരുന്ന കാലത്താണ് വേൾഡ്  ഫുഡ്‌ പ്രോഗ്രാം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്നും ലോകത്തിന് ഉപകാരപ്രദമാണ്. പോഷണവൈകല്യത്തിന് എതിരായ ഇന്ത്യയുടെ ശ്രമങ്ങളെ എഫ് എ ഓ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് എന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട്  പോഷണപരമായ നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക്  സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വളരെ ചെറുപ്രായത്തിൽ ഗർഭിണി ആകുക,  വിദ്യാഭ്യാസമില്ലായ്മ, ശരിയായ വിവരങ്ങൾ ലഭ്യമാകാതിരിക്കുക,  ശുദ്ധജലത്തിന്റെ ദൗർലഭ്യം, ശുചിത്വമില്ലായ്മ തുടങ്ങിയവ പ്രതീക്ഷിച്ച ഫലപ്രാപ്തിയിൽ എത്താൻ തടസ്സം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

വർഷങ്ങളുടെ അനുഭവത്തിൽ നിന്നും 2014 ന് ശേഷം ഈ  മേഖലയിൽ നവീന ശ്രമങ്ങൾ ഗവൺമെന്റ് ആവിഷ്കരിച്ചു വരികയാണ്. പോഷണവൈകല്യത്തിന് എതിരായ ‘ദേശീയ പോഷൺ  അഭിയാൻ’, ശുചിത്വ ഭാരത് പദ്ധതിയുടെ കീഴിൽ ശുചിമുറി നിർമ്മാണം, മിഷൻ റെയിൻബോ, ജൽ ജീവൻ മിഷൻ,  കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡ് ലഭ്യമാക്കൽ തുടങ്ങി ഗവൺമെന്റിന്റെ ബഹുമുഖ സമഗ്ര പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ എല്ലാം ഫലമായി സ്കൂളുകളിൽ  പെൺകുട്ടികളുടെ എൻറോൾമെന്റ്  അനുപാതം ആൺകുട്ടികളെക്കാൾ വർധിച്ചതായി അദ്ദേഹം പറഞ്ഞു.

2023 അന്താരാഷ്ട്ര ചെറു ധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ ഉള്ള ഇന്ത്യയുടെ ശുപാർശ അംഗീകരിച്ച എഫ്എ ഓ ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.ഇത്  പോഷകസമ്പുഷ്ടമായ ചെറു ധാന്യങ്ങളുടെ ഉപഭോഗം വർധിപ്പിക്കുമെന്നും ചെറു ധാന്യങ്ങൾ കൂടുതലായി കൃഷി ചെയ്യുന്ന ഇന്ത്യയിലെ  മാത്രമല്ല ലോകമെമ്പാടുമുള്ള ചെറുകിട കർഷകർക്ക് ഇത് പ്രയോജനപ്രദമാകും എന്നും അദ്ദേഹം പറഞ്ഞു.

ധാന്യങ്ങളുടെ സാധാരണ ഇനങ്ങളിൽ ചില  സൂക്ഷ്മ പോഷകങ്ങളുടെ അഭാവം കൂടുതലായതിനാൽ അവയിൽ ജൈവ സമ്പുഷ്ടീകരണം നടത്തി പുതിയ ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. നെല്ല്,  ഗോതമ്പ് ഉൾപ്പെടെയുള്ള ഈ  പുതിയ വികസിത ഇനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ പോഷണ പ്രചാരണ പരിപാടിയെ  ഇത് ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ പ്രതിസന്ധി കാലത്ത് ഇന്ത്യയിൽ ഉണ്ടായേക്കാവുന്ന ദാരിദ്ര്യത്തെയും പോഷക ന്യൂനതയെയും പറ്റി  വിദഗ്ധർ ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 7-8മാസമായി ഇന്ത്യയിലെ 80 കോടിയോളം ദരിദ്രർക്ക് 1.5 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങൾ ഗവൺമെന്റ് സൗജന്യമായി വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷാ പ്രതിബദ്ധതയുടെ ഭാഗമായി പയർവർഗ്ഗങ്ങൾക്കൊപ്പം അരിയോ ഗോതമ്പോ റേഷനിൽ ഉൾപ്പെടുത്താൻ ഗവൺമെന്റ് ശ്രദ്ധിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

2014 മുൻപുവരെ 11 സംസ്ഥാനങ്ങളിൽ മാത്രമാണ് ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് രാജ്യമെമ്പാടും ഫലപ്രദമായി പ്രാവർത്തികമാക്കി കഴിഞ്ഞു. കൊറോണാ പ്രതിസന്ധിക്കിടയിലും രാജ്യത്തെ കർഷകർക്ക്  ഭക്ഷ്യധാന്യ ഉൽപാദനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ ആയി. നെല്ല് ഗോതമ്പ് പയറുവർഗങ്ങൾ എന്നിവയുടെ റെക്കോർഡ് സംഭരണമാണ് ഗവൺമെന്റ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഗവൺമെന്റ് ആവിഷ്കരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവിലയായി  കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. താങ്ങ് വിലയും ഗവൺമെന്റ് സംഭരണവും ആണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തുന്നതെന്നും  അത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചെറുകിട കർഷകരെ ശാക്തീകരിക്കുന്നതിനായി ഫാർമർ പ്രൊഡ്യൂസ് ഓർഗനൈസേഷൻ ശൃംഖല രൂപീകരിക്കും. ധാന്യങ്ങളുടെ പാഴായി പോകൽ തടയുന്നതിന് അവശ്യസാധന നിയമ ഭേദഗതി സഹായിക്കും. ഗ്രാമങ്ങളിൽ കൂടുതൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഗവൺമെന്റിനൊപ്പം സ്വകാര്യ നിക്ഷേപകർക്ക് ഇനിമുതൽ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എ പി എം സി നിയമ ഭേദഗതിയെപറ്റി വിശദീകരിക്കവേ,  കർഷകൻ സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ വിതയ്ക്കുന്നതിനു മുന്പ് തന്നെ വിളയുടെ വില നിശ്ചയിക്കാൻ കഴിയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പുതിയ നിയമം കർഷകർക്ക് നിയമപരിരക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.  ഏതെങ്കിലും കാരണവശാൽ കർഷകർക്ക് കരാറിൽനിന്ന് പിന്മാറേണ്ടി വന്നാലും അവർക്ക് പിഴ നൽകേണ്ടി വരില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിളക്ക് മാത്രമാണ് കരാർ എന്നും കർഷകന്റെ ഭൂമിയിൽ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. പരിഷ്കരണ നടപടികളിലൂടെ കർഷകർക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുന്നതായി  പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

കർഷകർ ശാക്തീകരിക്കപ്പെടുന്നതോടെ  അവരുടെ വരുമാനം വർദ്ധിക്കുകയും പോഷണവൈകല്യത്തിനെതിരായ ദേശീയ പ്രചാരണത്തിന് തുല്യ  ശക്തി ലഭിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും എഫ്  എ  ഓ  യും തമ്മിൽ തുടർന്നുമുള്ള സഹകരണം ദേശീയ പോഷണ പ്രചാരണ പരിപാടിക്ക് കൂടുതൽ ആക്കം നൽകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →