തീവ്രവാദിയെന്ന് വിളിച്ച് കശ്മീരി യുവതിക്ക് മർദനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാടക വീട്ടിൽ താമസിക്കുന്ന കശ്മീരി യുവതിയെ തീവ്രവാദിയെന്ന് വിളിച്ചധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് പ്രദേശത്ത് താമസിക്കുന്ന യുവതിയെയാണ് വീട്ടുടമസ്ഥ തീവ്രവാദിയെന്ന് വിളിക്കുകയും മർദിക്കുകയും ചെയ്തത്. വാടകയുടെ പേരില്‍ നടന്ന തര്‍ക്കത്തിലാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്.

വീട്ടുടമസ്ഥയോടൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നുവെന്നും ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി സാധനങ്ങള്‍ നശിപ്പിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ യുവതി ട്വിറ്ററിലിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

‘വീട്ടിലേക്ക് അതിക്രമിച്ചെത്തിയ അവര്‍ ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് അവര്‍ മോശമായ ഭാഷയില്‍ സംസാരിച്ചു. ഞങ്ങളെല്ലാം കശ്മീരില്‍ നിന്ന് വന്ന തീവ്രവാദികളാണെന്നും പറഞ്ഞു’- യുവതി ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ യുവതിക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും സുരക്ഷയും ഉറപ്പാക്കുമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ വീട്ടുടമസ്ഥയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍, യുവതിക്ക് നേരെ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യുവതി‌ക്കെതിരെ പരാതിയുമായി വീട്ടുടമസ്ഥയായ തരുണ മഖിജയും രംഗത്തെത്തിയിട്ടുണ്ട്. വാടക കൃത്യമായി യുവതി തന്നില്ലെന്നും തന്റെ വീട്ടില്‍ നിന്നും പല വീട്ടുസാധനങ്ങളും യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് മോഷ്ടിച്ചുവെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →