ആരോഗ്യ ജാഗ്രതയില്‍ അലംഭാവം പാടില്ല: മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ല. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുന്ന സ്ഥിതിയാണ് നിലവിലേത്. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8571/covid-19-arogya-jagratha-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →