തിരുവനന്തപുരം: ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മന്യ. ലോഹിതദാസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ കമല എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത് കൊണ്ട് ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ജോക്കറിന് പിന്നാലെ മോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ നായികയായെല്ലാം മന്യ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ താരമാണ് മന്യ.
വിവാഹ ശേഷം സിനിമാ ജീവിതം വിട്ട താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് നടി സ്ഥിരതാമസമാക്കിയത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം മന്യ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈ അടുത്തകാലത്തായി വാസു അണ്ണന്‍ ട്രോളുകളിലൂടെയായിരുന്നു മന്യ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.
നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ അഭിനയത്തിന് ശേഷം പഠിച്ച് ഒരു ജോലി നേടിയതിലേക്ക് എത്തിയ അനുഭവ കഥയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പോസിറ്റീവ് സ്റ്റോറികള്‍ പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മന്യയുടെ കുറിപ്പ് വന്നിരിക്കുന്നത്.
ഒരിക്കലും നിങ്ങളുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞാന്‍ ഇത് പോസ്റ്റുചെയ്തതെന്നും നടി പറയുന്നു. എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും. കൗമാര പ്രായത്തില്‍ എന്റെ പപ്പ ഞങ്ങളെ വിട്ടുപോയി. അന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഞാന്‍ ജോലിക്കായി ഇറങ്ങി. ഒരു നടി എന്ന നിലയില്‍ 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്പാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്‍കി.
പിന്നീട് ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. ഒരു ഐവി ലീഗില്‍ പഠിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എനിക്ക് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. ഞാന്‍ ആദ്യമായി കാമ്പസിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കരഞ്ഞുപോയി.
കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളിലേക്ക് എത്തിപെടാൻ കഴിഞ്ഞതിന്റെ സന്തോഷ കണ്ണീരായിരുന്നു അത്. പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നുവെങ്കിലും മാത്തമാറ്റിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു കോഴ്‌സ് 4 വര്‍ഷം പൂര്‍ത്തിയാക്കുക, ഓണേഴ്‌സ് (4.0 ജിപിഎ) ബിരുദം നേടി, പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് നേടുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു.
വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് പലതവണ കോഴ്സ് ഉപേക്ഷിക്കാൻ ഞാൻ ചിന്തിച്ചിരുന്നെങ്കിലും മുന്നോട്ട് തന്നെ കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു, ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. വിദ്യാഭ്യാസം നിങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കുന്നു.
എന്റെ അറിവ് എന്നില്‍ നിന്ന് എടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ അനന്തമായ പ്രപഞ്ചത്തില്‍ നിങ്ങള്‍ എത്ര ചെറുതാണെന്ന് മനസ്സിലാക്കുന്നതിനനുസരിച്ച് നിങ്ങള്‍ കൂടുതല്‍ അറിവ് നേടുന്നു, കൂടുതല്‍ വിനയാന്വിതനായിത്തീരുന്നു. നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ്, എല്ലായ്‌പ്പോഴും അത് ഓര്‍ക്കുക. നിങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ്.
എന്റെ ഈ കഥ ഒരാളായെങ്കിലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. മന്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ.