മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എത്തിയപ്പോള്‍ അഭിനയത്തിലൂടെ ക്യാമറ തന്നിലേക്ക് തിരിച്ച ശങ്കരാടി

തിരുവനന്തപുരം: നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ശങ്കരാടി. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ത്തന്നെ പല കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടിയെത്തും. അദ്ദേഹം അന്തരിച്ചിട്ട് 19 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. താരങ്ങളും സംവിധായകരുമെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു.

സംവിധാന സഹായിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമൊക്കെയായി പ്രവര്‍ത്തിച്ച ബാബു ഷാഹിർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശങ്കരാടി ചേട്ടനെക്കുറിച്ച് വാചാലനായത്. ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, അനിയത്തിപ്രാവ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ സിനിമകളിലാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത്.

തുടക്കകാലത്ത് വില്ലത്തരത്തിലൂടെയായിരുന്നു ശ്രദ്ധ നേടിയതെങ്കിലും പിന്നീട് അദ്ദേഹം കോമഡിയിലേക്ക് തിരിയുകയായിരുന്നു. ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ് ഈ മൂന്ന് സിനിമകളിലെ അഭിനയമാണ് അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്നത്. ഗോഡ് ഫാദറിലെ വക്കീല്‍ വേഷം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ക്ലൈമാക്‌സ് രംഗങ്ങളിലെ ഹാസ്യ രംഗം ഇന്നും ചിരിപ്പിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രകടനമാണ്.

മിമിക്രി ചെയ്തിരുന്ന സമയത്തുള്ള സ്‌കിറ്റിലെ ഒരു രംഗമായിരുന്നു സിദ്ദിഖും ലാലും പരീക്ഷിച്ചത്. നന്നായി ചെയ്തില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന ഒരു രംഗം കൂടിയായിരുന്നു അത്.

ഇന്നസെന്റിനും ശങ്കരാടി ചേട്ടനും ജഗദീഷിനും ആ സീന്‍ പറഞ്ഞു കൊടുത്തപ്പോഴും ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ശങ്കരാടി ചേട്ടനായിരുന്നു പ്രധാന വെല്ലുവിളി. തലയ്ക്ക് അടി കൊണ്ട് ബോധം പോയ ഒരാള്‍ ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും ചെയ്യില്ല. മുഖം താണുപോവുന്നതും സിഗരറ്റ് വലിക്കുന്നതുമൊക്കെ അദ്ദേഹം അനായാസമായി അഭിനയിക്കുകയായിരുന്നു. ആ സീന്‍ ഇത്രയും മനോഹരമാക്കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. ശരിക്കും ശങ്കരാടി ചേട്ടന്റെ ബോധം പോയിരുന്നോ ആ സമയത്തെന്നായിരുന്നു പലരും ഞങ്ങളോട് ചോദിച്ചതെന്നും ബാബു ഷാഹിര്‍ പറയുന്നു.

പപ്പയുടെ സ്വന്തം അപ്പൂസില്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ ചെവിക്ക് പിടിക്കുമ്പോഴുള്ള സീനില്‍. ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് വരുന്നൊരു ഭാവമുണ്ട്. വിയറ്റ്‌നാം കോളനിയില്‍ ഭ്രാന്തുള്ള ഒരാളായാണ് ശങ്കരാടി ചേട്ടനെത്തിയത്. എന്റെ കയ്യില്‍ രേഖയുണ്ടെന്ന് പറഞ്ഞ് കയ്യിലെ രേഖ കാണിച്ച് കൊടുക്കുമ്പോഴാണ് മോഹന്‍ലാല്‍ അദ്ദേഹത്തിന് മാനസികമായ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുന്നത്. അത് പോലെ തന്നെ ആ രംഗത്ത് മോഹന്‍ലാലിനെ മാത്രം ഫോക്കസ് ചെയ്യാനായിരുന്നു സംവിധായകന്‍ ഉദ്ദേശിച്ചത്. എന്നാല്‍ തന്റെ അഭിനയത്തിലൂടെ അദ്ദേഹത്തേയും ഫോക്കസ് ചെയ്യിക്കുകയായിരുന്നു ശങ്കരാടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →