മെല്‍ബണ്‍: മൊബൈല്‍ ഫോണ്‍, കറന്‍സി എന്നിവയില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്ക്കാന് സാധിക്കുമെന്ന് പഠനം. ഓസ്ട്രേലിയയിലെ നാഷനല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്ക്കുമ്പോള് ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.
എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാവാന്‍ കാരണമാവുമെന്ന് പറയാനാവില്ലെന്നാണ് ആസ്ത്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറയുന്നത്. എന്നാല്‍, ഇത്തരം വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയോ ഇവ തൊട്ടശേഷം കണ്ണിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് തൊട്ടാല്‍ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

