കൊല്ലം: ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നാല്‍ ബോട്ടുടമകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍. അതേ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച ശേഷം ഹാര്‍ബര്‍ തുറന്നാല്‍ മതിയെന്ന് പോലീസ് തലപ്പത്തുനിന്ന് നിര്‍ദ്ദേശം. നിരോധനം ലംഘിച്ച വലിയ ബോട്ടുടമകള്‍ കടലില്‍ മത്സ്യ ബന്ധനം തുടരുന്നതാണ് നിലവിലുളള തര്‍ക്കത്തിന്‍റെ കാരണം.
തീരദേശത്ത് കോവിഡ് പടര്‍ന്നുപിടിച്ചതോടെ 2020 ഒക്ടോബര്‍ 1 ന് ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചിരുന്നു. കടലില്‍ പോയ ബോട്ടുകള്‍ മടങ്ങിയെത്താന്‍ 3 ന് വൈകിട്ട് 5 മണിവരെ സമയം അനുദിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി 50 വലിയ ബോട്ടുകള്‍ മടങ്ങി വരാതെ കടലില്‍ തന്നെ തുടര്‍ന്നു. വലിയ ബോട്ടുകളുടെ ഈ നിയമ ലംഘനത്തിനെതിരെയാണ് ചെറിയ ബോട്ടുടമകള്‍ സംഘടിച്ചത്.
ഹാര്‍ബര്‍ തുറക്കുമ്പോള്‍ നേരേേത്ത കടലില്‍ കിടക്കുന്ന ബോട്ടുകള്‍ അടുപ്പിച്ചാല്‍ തടയുമെന്നാണ് ചെറിയ ബോട്ടുടമകളുടെ നിലപാട്. നിരോധനം ലംഘിച്ച് മത്സ്യ ബന്ധനം തുടര്‍ന്ന ബോട്ടുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

