കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ശനിയാഴ്ച 10-10-2020 വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തീരുമാനിച്ചത്.
ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയരക്ടര്‍ ടി വി അനുപമയെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിൻ്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയിരുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയരക്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ശിവശങ്കരൻ നടത്തിയ വാട്സ്‌ആപ്പ് ചാറ്റാണ് അദ്ദേഹത്തെ വീണ്ടും സംശയമുനയിലേക്ക് എത്തിച്ചത്.
സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ചായിരുന്നു ഈ വാട്സ്ആപ്പ് ചാറ്റ്.
സി ബി ഐ യും ശിവശങ്കരനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് സൂചന. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നില്‍ സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന് ശിവശങ്കരനും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ സി.ബി.ഐ ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവന്നേക്കും.

