ദുബൈ: ഐപിഎല്‍ 13-ാം സീസണില്‍ ഉജ്ജ്വല ഫോമിൽ നിൽക്കുന്ന ഡല്‍ഹി കാപിറ്റല്‍സിന് തിരിച്ചടിയായി മുതിര്‍ന്ന സ്‌പിന്നര്‍ അമിത് മിശ്രയുടെ പരിക്ക്. സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്‌ടമാകും എന്ന് ഇതോടെ ഉറപ്പായി. ഈ സീസണില്‍ മികച്ച ഫോമിലായിരുന്ന താരത്തിന്‍റെ അഭാവം ഡല്‍ഹിയുടെ ബൗളിംഗ് കരുത്ത് കുറയ്‌ക്കും.
കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്‍റെ വിരലിന് പരിക്കേറ്റത്. തന്‍റെ ആദ്യ ഓവറില്‍ നിതീഷ് റാണയുടെ റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിശ്രയ്ക്ക് പരിക്കേറ്റത്. ഇതിന് ശേഷം ഒരു ഓവര്‍ പന്തെറിഞ്ഞ താരം ഫോമിലുള്ള ശുഭ്‌മാന‍് ഗില്ലിന്‍റെ വിക്കറ്റ് വീഴ്‌ത്തിയിരുന്നു. എന്നാല്‍ പിന്നീട് പന്തെറിയാന്‍ 37കാരനായ താരത്തിനായില്ല.

