സ്റ്റോക്‌ഹോം: 2020 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കള്‍ ഹൗട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പ്രതിവര്‍ഷം ലോകരാജ്യങ്ങളില്‍ ശരാശരി 7 കോടി ജനങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാലുലക്ഷം പേരാണ് ശരാശരി ഈ രോഗം ബാധിച്ച് മരിക്കുന്നത്. ഇതിന് കാരണമായ വൈറസിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്നാണ് പുരസ്കാര നിർണയ നമിതിയുടെ വിലയിരുത്തല്‍.
“വൈറസ് കണ്ടെത്തുന്നതിനായി വളരെ കൃത്യതയുള്ള രക്തപരിശോധനകൾ ഇപ്പോൾ ലഭ്യമാണ്, ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലും ട്രാൻസ്ഫ്യൂഷന് ശേഷമുള്ള ഹെപ്പറ്റൈറ്റിസിനെ ഇല്ലാതാക്കുകയും ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്തു,” കമ്മിറ്റി വിലയിരുത്തി.
ഹെപ്പറ്റൈറ്റിസ് സിയെ പ്രതിരോധിക്കുന്ന ആൻറിവൈറൽ മരുന്നുകൾ ദ്രുതഗതിയിൽ വികസിപ്പിക്കുന്നതിനും ഇവരുടെ കണ്ടെത്തൽ സഹായിച്ചു. “ചരിത്രത്തിൽ ആദ്യമായി ഈ രോഗം ഭേദമാക്കാൻ കഴിയുമെന്നും ഇത് ലോകജനങ്ങളിൽ നിന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ഇല്ലാതാക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നതിനും സഹായകരമായി.”
സ്വര്‍ണമെഡലും 1 കോടി സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.