തിരുവനന്തപുരം: പി. എം .ഇ .ജി .പി യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരുടെ ഇടപെടലിനെ കുറിച്ച് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ പി ലളിതാമണി നല്‍കുന്ന വിശദീകരണം ചുവടെ :
ഭാരതമെമ്പാടും നടപ്പിലാക്കി വരുന്ന പ്രധാന തൊഴിൽദായക പദ്ധതിയായ (പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി) പി. എം .ഇ .ജി .പി യുടെ ദേശിയ നോഡൽ ഏജൻസി ഖാദി ഗ്രാമവ്യവസായ കമ്മിഷനാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പ്രധാന തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. കേരളത്തിൽ നാളിതുവരെ ഈ പദ്ധതിയുടെ സഹായത്തോടെ 19000 ൽ പരം വ്യവസായ സംരഭങ്ങൾ സ്ഥാപിക്കുകയും 133000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് .
ഈ പദ്ധതിയുടെ പ്രധാന ആകർഷണം പദ്ധതി ചിലവിന്റെ 35 % വരെ ഗുണഭോക്‌താക്കൾക്കു ലഭിക്കുന്ന സബ്‌സിഡി (മാർജിൻ മണി ഗ്രാന്റ് ) ആനുകൂല്യമാണ്. ഈ പദ്ധതി നടപ്പിലാക്കി വരുന്നത് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ , ഖാദിഗ്രാമ വ്യവസായ ബോർഡ് , ജില്ലാ വ്യവസായ കേന്ദ്രം, കയർബോർഡ് , തുടങ്ങിയ കേന്ദ്ര സംസ്ഥാന ഡിപ്പാർട്മെന്റുകൾ സംയുക്‌തമായാണ്. മേല്പറഞ്ഞ ഗവ ഏജൻസികൾ ശുപാർശ ചെയ്യുന്ന അപേക്ഷയിന്മേൽ വായ്പ അനുവദിക്കുന്ന തീരുമാനം ബാങ്കുകളിൽ നിക്ഷേപിതമായിരിക്കുന്നതും അർഹമായ മാർജിൻ മണി ഗ്രാന്റ്, നാഷണൽ നോഡൽ ബാങ്കുകളിൽ നിന്നും ബാങ്ക് ബ്രാഞ്ചുകളിൽ ലഭിക്കുന്നതാണ്.
ഈ പദ്ധതിയുടെ നടപടി ക്രമങ്ങൾ തീർത്തും സുതാര്യമാണ്. അപേക്ഷകൾ ഓൺലൈനിൽ മാത്രമാണ് സ്വീകരിച്ചു വരുന്നത് .വാർത്താമാധ്യമങ്ങളിൽ നിന്ന് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില ഇടനിലക്കാർ പ്രവർത്തിക്കുന്നതായും നിരവധി ആളുകൾ ഇടനിലക്കാരുടെ ഇടപെടൽ മൂലം കബളിക്കപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടിരിക്കുന്നു.ഖാദിഗ്രാമവ്യവസായ കമ്മീഷൻ നടപ്പിലാക്കി വരുന്ന അഭിമാന പദ്ധതിയായ പി. എം .ഇ .ജി .പി യുടെ അപേക്ഷകൾ സ്വീകരിക്കുവാനോ പ്രൊജക്റ്റ് റിപോർട്ടുകൾ, സബ്‌സിഡി സംബദ്ധമായ കാര്യങ്ങൾ എന്നിവ ചെയ്യുവാനോ ഒരു ഏജൻസിയേയും /വ്യക്തിയേയും ചുമതലപ്പെടുത്തിയിട്ടില്ലായെന്നെ വിവരം അറിയിച്ചു കൊള്ളുന്നു . ഈ പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ http://www.kviconline.gov.in/pmegpeportal ൽ ലഭ്യമാണ് .