കണ്ണൂര്‍ : കൃഷിക്ക് സ്ഥലമെന്നത് ഒരു പരിമിതിയല്ല. ഇത്തിരി സമയവും കൃഷി ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ കെ പ്രീത. വ്യത്യസ്ത രീതിയില്‍ ഓടുകള്‍ കെട്ടിവെച്ച് ഇവര്‍ നടത്തിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. മച്ചൂര്‍ മലയിലെ വീട്ടുമുറ്റത്താണ് ഇവര്‍ വ്യത്യസ്തമായ കൃഷി രീതി പരീക്ഷിച്ചത്.
ലോക്ക് ഡൗണ്‍ കാലത്ത് കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സ്ഥലപരിമിതിയായിരുന്നു ഇവരുടെ മുന്നിലെ പ്രതിസന്ധി. പഴയ വീടിന്റെ ഓടുകള്‍ ചേര്‍ത്ത് വെച്ച് കെട്ടി അതില്‍ മണ്ണ് നിറച്ചാണ് ഇവര്‍ അതിന് പരിഹാരം കണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ ഒന്നുകൂടി സജീവമാക്കിയ ഘട്ടത്തിലാണ് പഞ്ചായത്ത് അംഗം ഇത്തരത്തിലൊരു കൃഷിരീതിക്കായി മുന്നിട്ടിറങ്ങിയത്. സ്ഥല പരിമിതിയും ഗ്രോ ബാഗുകളുടെ ലഭ്യതക്കുറവും നേരിടുന്നവര്‍ക്ക് മാതൃകയാവുന്ന ഒന്നാണിത്. ബ്ലാക്ക് ജാസ്മിന്‍ എന്നയിനം നെല്ലാണ് പ്രീത കൃഷി ചെയ്തത്.
ഭര്‍ത്താവ് മഹീന്ദ്രന്‍ മക്കളായ മിഥുന്‍, അനുരാഗ് ,യദുനന്ദ് എന്നിവരും പ്രീതയുടെ കൃഷിക്ക് പൂര്‍ണ പിന്തുണയേകി. നെല്ല് വിളവെടുപ്പിന് ശേഷം ഇതേ രീതിയില്‍ പച്ചക്കറികളും കൃഷി ചെയ്യാനാണ് തീരുമാനം.
നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കെ കാര്‍ത്യായനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ, കെ എ ഷാജി, കെ കുമാരന്‍, വി ലളിത എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8336/paddy-cultivation.html