താനൂരിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുളത്തിലെറിഞ്ഞതാണെന്ന് പോലീസ്

മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖിനെ (28) മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചതും പ്രതികളാണ്. സംഭവ ശേഷം ഒളിവിലായ പ്രതികള്‍ക്കായി താനൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

29-9-2020 ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തിൽ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താനൂരില്‍ ആശാരി പണിക്കായി എത്തിയ വൈശാഖും പ്രതികളുമായി സൗഹൃദത്തിലായിരുന്നു. സെപ്തംബർ 28 ന് രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. പ്രതികള്‍ വൈശാഖിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. മരിച്ചെന്ന് മനസിലാക്കി മൃതദേഹം സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

വൈശാഖിനെ കാണാനില്ലെന്ന് പിറ്റേന്ന് പൊലീസിനെ പ്രതികൾ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. വൈശാഖിന്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയില്‍ ഉണ്ടായതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്.ഇതോടെ സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും പരിശോധന നടത്തി.ഇതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →